Travel

മതിവരാത്ത കാഴ്ചകൾ സമ്മാനിക്കുന്ന മതികെട്ടാൻ ചോല

ഇടുക്കി ജില്ലയിലെ ഉടുമ്പ‌ൻചോല താലുക്കിൽ ആണ് മതികെട്ടാൻ ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാൻ ചോല. കനത്ത ചൂടിലും ഹൈറേഞ്ചിന് കുളിരു പകര്‍ന്ന് നല്‍കി ജൈവ വൈവിധ്യത്തിന്‍റെ കലവറയാണ് ഇവിടം. 12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. പൂപ്പാറ ഗ്രാമത്തിൽ നിന്ന് ഇവിടേ‌യ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരം. തമിഴനാടുമായി അതിര്‍ത്തി പങ്കിടുന്ന മതികെട്ടാന്‍ ചോല തമിനാട്ടിൽ നിന്നുള്ള ഉഷ്ണകാറ്റിനെ തടഞ്ഞ് നിര്‍ത്തി ഹൈറേഞ്ചിന് കുളിര് പകർന്നു നൽകുന്നു. ദക്ഷിണേന്ത്യയിലെ വളരെ പ്രധാനപ്പെട്ട ആന ഇടനാഴിയായ മതികെട്ടാൻ പ്രദേശവും ഷോല വനങ്ങളുടെ സവിശേഷതകളും കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ 2008 ൽ ഇവിടം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. അതു‌വരെ ഏലമല റിസർ‌വ് ‌വനത്തി‌ന്റെ ഭാഗമാ‌യിരുന്നു മതികെട്ടാൻ. പാമ്പാടും ചോല നാഷണൽ പാർക്കിനും ഇര‌വികുളം നാഷണൽ പാർക്കിനും ഇടയിലായിട്ടാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.

മതികെട്ടാൻ ചോല എന്ന വാക്കിന്റെ അർഥം ‘മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുന്നത്’ എന്നാണ്. അതിനാൽ തന്നെ ദേശീയോദ്യാനത്തിലേക്കുള്ള പാതയിൽ പ്രവേശിച്ചാൽ, വഴി തല്‍ക്ഷണം മറന്നുപോകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്നൊക്കെയാണ് ഇവിടുത്തുകാർ പറയുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വന‌ത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ച‌രിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.

മധുരയിൽ നിന്ന് 130 കിലോമീറ്റർ പടിഞ്ഞാറായാണ് സ്ഥിതി മതികെട്ടാന്‍ ചോല ചെയ്യുന്നത്. മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ – കുമളി ഹൈവേയിലൂടെ യാത്ര ചെയ്താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം. പൂപ്പാറയിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ് മതികെട്ടാൻ ചോല നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം