ശബരിമലയിലെ ദിലീപിൻ്റെ സന്ദർശനത്തിൽ വിമർശനം തുടർന്ന് കോടതി. നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും കോടതിയുടെ ഇടക്കാല ഉത്തരവ്. സോപാനത്തിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുത്. കുട്ടികൾ, പ്രായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് തന്നെ നൽകണമെന്ന് കോടതി നിർദേശിച്ചു. വിഷയം തിങ്കളാഴ്ച്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. ഇതിനിടെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.