കുന്നത്തുപാലം ഒളവണ്ണ ജംക്‌ഷനു സമീപമുള്ള ടയർ കടയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് വെള്ളിയാഴ്ച പുലർച്ചെ പാലാഴി പാൽകമ്പിനിക്ക് സമീപം പിടിയിലായത്. ഡിസംബർ ഒന്നിന് പുലർച്ചെയാണ് കടയിൽ നിന്നും 10,000 രൂപ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫറോക്ക് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണ ശേഷം ജില്ലയ്ക്ക് പുറത്തുള്ള രഹസ്യകേന്ദ്രത്തിലേക്ക് ഒളിവിൽ പോയ പ്രതി പിന്നീട് ചാത്തമംഗലത്തുള്ള വീട്ടിലേക്ക് വരാതെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വാഹന മോഷണത്തിനും പിടിച്ചുപറിക്കും പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.