സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർദ്ധിപ്പിച്ചത്. യൂണിറ്റ് 16 പൈസ കൂട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന വ്യാഴാഴ്ച മുതൽ തന്നെ പ്രാബല്യത്തിലായി. ഇതിന് പിന്നാലെ സർക്കാർ ജനങ്ങളെ പിഴിയുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിധിക്കപ്പുറം ഉയർത്തില്ലെന്നും ജനങ്ങൾക്ക് ബാധ്യതയില്ലാത്ത രീതിയിൽ മാത്രമേ സർക്കാർ വൈദ്യുതിനിരക്കിൽ ഇടപെടുകയുള്ളൂ എന്നും സിപിഎം പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസിനെക്കാൾ ജാഗ്രതയുള്ള സർക്കാരാണ് ഇടതുപക്ഷ സർക്കാറെന്നും, കേരളത്തിൽ വൈദ്യുതി ബോർഡിനെ വിഭജിക്കാനുള്ള കേന്ദ്ര നയം കോൺഗ്രസ്സാണ് കൊണ്ടുവന്നതെന്ന കാര്യം കോൺഗ്രസ് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ കുറവ് വരില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ആരാണ് വൈദ്യുതി വിതരണം എന്നത് ചെന്നിത്തല പരിശോധിക്കണം. ഈ സംസ്ഥാനങ്ങളിലെ അദാനിയുടെ വൈദ്യുതി വിതരണത്തെ പറ്റി രമേശ് ചെന്നിത്തല പരിശോധിക്കണമെന്നും എ.വിജയരാഘവൻ പറഞ്ഞു.
2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിൽ വർധന വരുത്തിയിരുന്നു. യൂണിറ്റ് 16 പൈസ വീതം കൂട്ടിയതിന് പിന്നാലെ അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി. ബിപിഎൽ വിഭാഗത്തിനും നിരക്ക് വർധന ബാധകമാണ്. കെഎസ്ഇബി 2024-25 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് ശരാശരി 37 പൈസയുടെ വർധനയ്ക്ക് ശുപാർശ ചെയ്തെങ്കിലും റെഗുലേറ്ററി കമീഷൻ 16 പൈസയുടെ വർധനയ്ക്കാണ് അംഗീകാരം നൽകിയത്.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുള്ളതായി വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. വേനൽകാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇത് മറികടക്കാനായാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നുമാണ് ന്യായീകരണം.