മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭർത്താവ് കുട്ടികൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2004 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കൽ ഒറ്റയ്ക്കാണെന്നും പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. കുഞ്ഞിന്റെ മുന്നിൽ സ്വന്തം അമ്മയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ വാദിച്ചു.