വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിൽ സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകമാണെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. കേന്ദ്രം നയം തിരുത്തി സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിഴ്നാടിനെ ദുരിതത്തിൽ സഹായിച്ചതു പോലെ കേരളത്തിനും ദുരിതാശ്വാസ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന നൽകണം. അങ്ങനെയാണ് കേന്ദ്രം നിലകൊള്ളേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിനോടുള്ള കേന്ദ്ര നിലപാട് തിരുത്തണം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന തലത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കെ.വി.തോമസ് വ്യക്തമാക്കി.
അതേസമയം 2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത് ഏറെ വൈകിയാണെന്ന വാദം ഉയര്‍ത്തിയാണ് അമിത് ഷായുടെ മറുപടി. ദുരന്തം നടന്ന സമയത്ത് കേന്ദ്രം സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദുരന്തം ഉണ്ടായതിന് പിന്നാലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേരളം 2219 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടത് വൈകിയെന്ന് മൂന്നു പേജുളള മറുപടിയില്‍ കുറ്റപ്പെടുത്തുന്നു. മൂന്നര മാസം വൈകിയാണ് കേരളം അധിക ധനസഹായം ആവശ്യപ്പെട്ടത്. മാത്രമല്ല, പുനര്‍ നിര്‍മ്മാണത്തിനുളള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്രം സഹായം നല്‍കി കഴിഞ്ഞതായും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പഴിചാരൽ നിർത്തൂവെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ സംശയം പ്രകടിപ്പിച്ച് കോടതി. നീക്കിയിരിപ്പ് കൈവശമില്ലാത്തതു കൊണ്ടാണ് സംസ്ഥാന സർക്കാർ വീണ്ടും പണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും വിമർശനം. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക എന്നിവ സംബന്ധിച്ച് വ്യക്തമായ കണക്ക് നൽകാൻ സംസ്ഥാന സർക്കാരിനോടും നൽകിയ സഹായം സംബന്ധിച്ച് വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോടും ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം സത്യവാങ്മൂലം നൽകിയെങ്കിലും സംസ്ഥാനത്തിന് കൃത്യമായ കണക്കുകൾ നൽകാനായില്ല. ദുരന്തനിവാരണ അതോറിറ്റി ഫിനാൻസ് ഓഫിസർ ഹാജരായ വേളയിൽ ഓഡിറ്റിങ് നടക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചത്.