ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 11 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലയിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം മയിലാടുതുറ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം, വില്ലുപുരം, കടലൂർ, ചെങ്കൽപെട്ട് എന്നീ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതർ വ്യക്തമാക്കി.