പതിനാറാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്ച കേരളത്തിലെത്തും. നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ പതിനാറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തുന്ന സംഘം കുമരകം പഞ്ചായത്ത് സന്ദര്‍ശനത്തിനായി പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് കമീഷന്‍ ചെയര്‍മാനും അംഗങ്ങളും കോവളത്ത് എത്തും.
ചൊവ്വാഴ്ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ യോഗ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കമീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും സ്വീകരിക്കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ സ്വാഗതം പറയും. തുടര്‍ന്ന് മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തും. പകല്‍ 11.30 മുതല്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷന്‍, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍, മേയേഴ്സ് കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികളെ കാണും. ഉച്ചയ്ക്കുശേഷം 12.45 മുതല്‍ വ്യാപാരി, വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 1.45 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ കാണും. തുടര്‍ന്ന് കമീഷന്‍ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനവും നടത്തും.
ധനകാര്യ കമ്മീഷന്‍ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി ശക്തമായി അവതരിപ്പിക്കാനും, അര്‍ഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്‍ ഒരുക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ടിനും സംസ്ഥാനങ്ങള്‍ക്കുള്ള ധന വിഹിതം സംബന്ധിച്ച തീര്‍പ്പുകള്‍ക്കും (അവാര്‍ഡുകള്‍) വലിയ പ്രധാന്യമാണുള്ളത്. അഞ്ചുവര്‍ഷ കാലായളവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീര്‍പ്പുകള്‍ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മീഷന്റെ ചുമതല. 2026 ഏപ്രില്‍ ഒന്നുമുതലാണ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ധന വിഹിതങ്ങള്‍ കേരളത്തിനും ലഭ്യമായി തുടങ്ങുക.
CONTENT HIGHLIGHTS; 16th Finance Commission to arrive tomorrow: Kerala is all set to present its demands strongly