വെള്ളായണി കായല്‍ തീരത്ത് വിനോദ സഞ്ചാരത്തിനെത്തുന്നവരുള്‍പ്പെ ടെയുള്ളവര്‍ കായലിലേക്കും സമീപ ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും പുലര്‍ച്ചെ മുതല്‍ വാരിയെടുത്ത് സംസ്‌കരണത്തിനായി കൈമാറുകയാണ് പ്രദേശവാസിയായ ബിനു പുഞ്ചക്കരി. ആരില്‍ നിന്നും ഒരു പ്രതിഫലവും പറ്റാതെ കായല്‍ ശുചീകരിക്കാന്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ബിനുവിന് അംഗീകാരവും ആദരവുമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഫൈബര്‍ ബോട്ട് ലഭ്യമാക്കുന്നു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ നല്‍കുന്ന ഫൈബര്‍ ബോട്ട് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ, 2024 ഡിസംബര്‍ 09 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ബിനുവിന് കൈമാറും. വെള്ളായണിക്കായല്‍ തീരത്ത് പുഞ്ചക്കരിയില്‍ നടക്കുന്ന ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ അധ്യക്ഷനാകും.
പ്രദേശത്ത് പ്രഭാത സവാരിക്കെത്തുന്ന പുഞ്ചക്കരി വാക്കേഴ്‌സ്, സ്ഥലത്തെത്തുന്ന പക്ഷി നിരീക്ഷകര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് പണിയെടുക്കുന്ന ബിനു പാഴ്വസ്തുക്കള്‍ കൊണ്ട് സ്വന്തമായുണ്ടാക്കിയ താല്‍ക്കാലിക വഞ്ചിയിലാണ് പുലര്‍ച്ചെ മുതല്‍ കായല്‍ ശുചീകരണത്തിനിറങ്ങുന്നത്. ഇതിനു പുറമെ ജോലി കഴിഞ്ഞുള്ള സമയവും ബിനു ഈ പ്രവൃത്തിയിലേര്‍പ്പെടുക പതിവാണ്.
ഇപ്പോള്‍ ലഭിക്കുന്ന ഫൈബര്‍ നിര്‍മ്മിത ബോട്ട് ബിനുവിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് ഏറെ സഹായകരമാകുമെന്നും സ്വമേധയാ നടത്തുന്ന ഈ ശുചീകരണ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അഭിപ്രായപ്പെട്ടു.
CONTENT HIGHLIGHTS; Recognition for Selfless Service: A Single Fight in Dam Cleaning; Binu is given a fiber bot