സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം.
സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +963 993385973 (വാട്‌സ്ആപ്പിലും), ഇ-മെയില്‍ ഐഡി hoc.damascus@mea.gov.in എന്നിവയില്‍ അപ്‌ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരും സായുധസംഘങ്ങളും തിരിഞ്ഞതോടെയാണ് സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായത്. അലപ്പോയും ഹാമയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വിമത സംഘം കൈയടിക്കഴിഞ്ഞെന്നാണ് വിവരം. ദറാഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പ്രാദേശിക സായുധസംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.