ഓരോ രീതിയിൽ പാചകം ചെയ്യുമ്പോഴും ഓരോന്നിനും ഓരോ രുചിയാണ് ലഭിക്കുക. കപ്പ തന്നെ പുഴുങ്ങി കഴിക്കുമ്പോഴും ആവിയിൽ വേവിക്കുമ്പോഴും രണ്ട് രുചിയാണ്. ഇത് തന്നെ വറുത്തു കഴിച്ചാൽ വേറെ രുചി.
രുചി മാത്രമല്ല,പാചകം ചെയ്യുന്ന രീതി മാറ്റിയാൽ അവയുടെ പോഷകഗുണങ്ങളിലും ഏറ്റക്കുറച്ചിൽ ഉണ്ടാക്കാൻ സാധിക്കും. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന താപനില,വെള്ളം,എണ്ണ എന്നിവ പോഷകങ്ങളുടെ അളവിൽ മാറ്റം ഉണ്ടാകും. പച്ചക്കറികൾ ആവിയിൽ വേവിക്കുന്നതിലൂടെ അതിന്റെ സ്വാഭാവിക ഗുണങ്ങളെ നിലനിർത്താൻ സഹായിക്കുന്നു. നന്നായി വേവാനും ഫൈബറും രുചിയും നിലനിർത്താനും വെള്ളത്തിൽ പുഴുങ്ങുന്നതിനേക്കാൾ ആവിയിൽ വേവിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിൻ ബി, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ, ബയോട്ടിൻ, ബി 12, പാന്റോതെനിക് ആസിഡ്, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും നിലനിർത്താൻ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്കാവുന്നു.
ആവിയിൽ ഭക്ഷണം വേവിക്കുന്നത് പാചകം എളുപ്പമാക്കുന്നു. കൂടുതൽ സമയവും ഊർജവും ലാഭിക്കാൻ സഹായിക്കുകയും എണ്ണയോ, മറ്റു പുകയോ ഒന്നും ഇല്ലാത്തതിനാൽ അടുക്കള വൃത്തിയായിരിക്കാനും സഹായിക്കുന്നു.
കൊഴുപ്പ് കൂടിയ അട്ടിറച്ചി അല്ലെങ്കിൽ പന്നിയിറച്ചി പോലുള്ളവ ആവിയിൽ വേവിക്കുമ്പോൾ അതിലെ കൊഴുപ്പ് ഇളകിപ്പോകാൻ സഹായിക്കുന്നു. ഇത്തരത്തിൽ കൊഴുപ്പ് കുറക്കുനന്ത് കൊളസ്ട്രോൾ കുറക്കുന്നതിന് കാരണമാകുന്നു.ആവിയിൽ പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള ഡയറ്റിൽ ഉൾപ്പെടുത്താം.ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങളും വേവിച്ച പച്ചക്കറികളും പഴങ്ങളും വളരെ മൃദുവാകുന്നു, അവ നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ദഹിപ്പിക്കാൻ സാധിക്കും.
അരി വേവിക്കാൻ നമുക്ക് രണ്ടു രീതികളുണ്ട്. വെള്ളം വറ്റിച്ച് വേവിക്കുന്നതും വേവിച്ച ശേഷം വാർത്തെടുക്കുന്നതും. വാർക്കുമ്പോൾ അതിന്റെ പോഷകങ്ങൾ നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.