തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വച്ച് ഷാരോണ്‍ മരണമൊഴി നല്‍കിയതായി പിതാവ്. 2022 ഒക്ടോബര്‍ 22 ന് രാവിലെ 5. 30 ന് താന്‍ ഷാരോണിനെ വൃത്തിയാക്കാന്‍ കയറിയപ്പോള്‍ ഐസിയുവില്‍ വച്ച് മരണമൊഴി നല്‍കിയതായി നാലാം സാക്ഷിയും ഷാരോണിന്റെ പിതാവുമായ ജയരാജ് കോടതിയില്‍ മൊഴിനല്‍കി. പക്ഷാഘാതത്തിന് ചികിത്സയില്‍ കഴിയുന്ന ജയരാജിന് മൊഴി നല്‍കാന്‍ പൊലീസ് സംരക്ഷണം നെയ്യാറ്റിന്‍കര സെഷന്‍സ് ജഡ്ജ് എ. എം ബഷീര്‍ അനുവദിച്ചു.
താന്‍ മരിച്ചുപോകുമെന്നും, സംഭവ ദിവസം ഗ്രീഷ്മ, കഷായത്തില്‍ മാരകമായ എന്തോ കലര്‍ത്തി കുടിപ്പിച്ചു എന്നും ജയരാജിനോട് ഷാരോണ്‍ പറഞ്ഞു. ഗ്രീഷ്മയും ഷാരോണും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നതായും മാപ്പാക്കണം എന്നും മരണമൊഴിയില്‍ ഷാരോണ്‍ പിതാവിനോട് പറഞ്ഞു. ഗ്രീഷ്മ കൊടുത്ത പാനീയം കുടിച്ച ശേഷമാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായതെന്നും ഷാരോണ്‍ മരണ മൊഴിയില്‍ പറഞ്ഞതായി സാക്ഷി മൊഴിയിലുണ്ട്. മരണമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ്‌നോടും ഗ്രീഷ്മ കഷായം നല്‍കിയതായും ഒരു ഗ്ലാസ് പൂര്‍ണ്ണമായും താന്‍ കുടിച്ച തായും ഷാരോണ്‍ വെളിപ്പെടുത്തിയിരുന്നു.
14/10/2022ല്‍ തന്ത്രത്തില്‍ ഷാരോണിനെ വിളിച്ചുവരുത്തി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായര്‍ വാങ്ങി വെച്ചിരുന്ന Kapiq എന്ന കളനാശിനി കഷായത്തില്‍ കലര്‍ത്തി കൊടുത്താണ് ഷാരോണിനെ കൊലചെയ്തത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി .എസ് വിനീത് കുമാര്‍, അഡ്വ. അല്‍ഫാസ് മഠത്തില്‍, അഡ്വ. നവനീത് കുമാര്‍ വി.എസ് എന്നിവര്‍ കോടതിയില്‍ ഹാജരായി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിനായി തുടര്‍ വിചാരണ തിങ്കളാഴ്ച തുടരും.