കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ മുഖ്യ പ്രതി മുജീബിനെ ട്രഷറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ കേസിൽ റിമാൻഡിലായിരുന്ന മുൻ ക്ലർക്ക് കൊല്ലം സ്വദേശി മുജീബിനെയാണ് കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. മറ്റൊരു പ്രതിയായ ജൂനിയർ അക്കൗണ്ടൻറ് വിജയരാജിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പലരിൽ നിന്നായി 16 ലക്ഷത്തോളം രൂപ വ്യാജ ചെക്കുപയോഗിച്ച് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ് മുജീബ്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഇവരെ കൂടാതെ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയുണ്ട്. വിജിലൻസിന് കേസ് ഉടൻ കൈമാറുമെന്നാണറിവ്. മുജീബ് മുൻപ് ജോലി ചെയ്തിരുന്ന ട്രഷറികളിലും ട്രഷറി വിജിലൻസ് പരിശോധന നടത്തുന്നുണ്ട്.