അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഊബർ, ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് ടാക്സി നിരത്തിലിറക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷമാണ് ഇവയുടെ സേവനം ലഭ്യമാകുക.
അബുദാബിയിലെ സാദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഊബര്‍ ടാക്‌സികള്‍ വിന്യസിക്കുക. ആദ്യഘട്ടത്തിൽ സുരക്ഷാ ഓപ്പറേറ്റർ വാഹനത്തിലുണ്ടാകും. ഊബർ എക്സ് അല്ലെങ്കിൽ ഊബർ കംഫർട്ട് സർവീസസ് എന്നിവയിലൂടെ ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാം.പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാവും സര്‍വിസ് എങ്കിലും വൈകാതെ എമിറേറ്റിലുടനീളം സേവനം വ്യാപിപ്പിക്കും.
അബുദാബി മൊബിലിറ്റിയുടെ പിന്തുണയോടെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മാർഗനിർദേശത്തിന് കീഴിൽ ഉബർ പ്ലാറ്റ്ഫോമിൽ വീ റൈഡ് നടത്തുന്ന ഡ്രൈവറില്ലാ ടാക്സി സേവനത്തിന്റെ ഉത്തരവാദിത്വം തവസുൽ ട്രാൻസ്പോർട്ടിനാണ്. നവീന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഗതാഗത രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പ്രയാണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗാഫ്ലി പറഞ്ഞു.
















