ബ്രിട്ടനിൽ കൂടുതൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ഖത്തർ. 2027 ഓടെ 2000 കോടിയോളം പൗണ്ട് നിക്ഷേപിക്കാനാണ് ധാരണ. ഖത്തർ അമീറിന്റെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും നിരവധി മേഖലകളിൽ സഹകരണത്തിന് കരാറിലെത്തി.
നിലവിൽ ബ്രിട്ടനിൽ ഖത്തറിന് 40 ബില്യൺ പൗണ്ടിന്റെ നിക്ഷേപമുണ്ട്. രണ്ട് വർഷത്തിനകം 19.5 ബില്യൺ പൗണ്ട് കൂടി നിക്ഷേപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ കാലാവസ്ഥാ വ്യതിയാന സാങ്കേതിക വിദ്യയിൽ ഖത്തർ 1.3 ബില്യൺ പൗണ്ട് നിക്ഷേപിക്കും. നേരത്തെ ഖത്തർ ധാരണയിലെത്തിയിരുന്ന റോൾസ് റോയിസിന്റെ പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതിയിലേക്ക് നൂറ് കോടി പൗണ്ടാണ് നിക്ഷേപിക്കുന്നത്.
ഇതിന് പുറമെ ബ്രിട്ടന് രണ്ടരക്കോടി പൗണ്ടിന്റെ സഹായവും ഖത്തർ പ്രഖ്യാപിച്ചു. സാൻഡസ്റ്റിലെ റോയൽ മിലിറ്ററി ആസ്ഥാനത്ത് ലീഡർഷിപ്പ് ആന്റ് ടെക്‌നോളജി സെന്റർ സ്ഥാപിക്കാനാണ് പണം ചെലവഴിക്കുക. സൈനിക ഉദ്യോഗസ്ഥർക്ക് നേതൃപാഠവവും സാങ്കേതിക പരിജ്ഞാനവും നൽകുന്ന രീതിയിലായിരിക്കും ഇവിടുത്തെ പരിശീലന പദ്ധതികൾ.