ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്‍റെ പ്രധാന ഘടകമായ പതിനെട്ടാംപടി കയറ്റം വേഗത്തിലാക്കി ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) സംഘം. സന്നിധാനത്ത് കഴിഞ്ഞ ദിവസം ചുമതലയേറ്റ പോലീസിന്റെ മൂന്നാം ബാച്ചിനൊപ്പമുള്ള ഐ.ആർ.ബി സംഘത്തിനാണ് തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്ന ചുമതല നൽകിയിരിക്കുന്നത്.
ഈ സംഘത്തിലെ ബഹുഭൂരിപക്ഷം പേരും കഴിഞ്ഞ വർഷവും പതിനെട്ടാംപടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്. രണ്ടാം ബാച്ചിനൊപ്പം നിയോഗിക്കപ്പെട്ട കെ.എ.പി വിഭാഗത്തിന് ചുമതലയേറ്റ് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് പടികയറ്റം വേഗത്തിലാക്കാൻ കഴിഞ്ഞത്.
എന്നാൽ, ചുമതലയേറ്റ വെള്ളിയാഴ്ച മുതൽക്കേ മിനിറ്റിൽ 75 മുതൽ 82 തീർഥാടകരെ വരെ പടി കയറ്റാൻ ഐ.ആർ.ബി സംഘത്തിന് സാധിക്കുന്നുണ്ട്. ഇക്കാരണത്താൽ കഴിഞ്ഞ രണ്ടു ദിവസമായി തൊണ്ണൂയിരത്തിന് മേൽ തീർഥാടകർ എത്തിയിട്ടും വൻ തിരക്ക് ഒഴിവാക്കാനായി.