ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്‌ക്കും ആധുനികവൽക്കരണത്തിനും പേരുകേട്ട രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാൽ, ഇപ്പോൾ അവർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തിന്റെ ജനസംഖ്യ മൂന്നിലൊന്നായി കുറയും. വീണ്ടും തുടരുകയാണെങ്കിൽ ഭൂമിയിൽ നിന്ന് തന്നെ ഈ രാജ്യം അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ലോകത്തിലെ ഏറ്റവും ജനന നിരക്ക് കുറഞ്ഞ രാജ്യമാണ് ദക്ഷിണ കൊറിയ. “ദേശീയ വംശനാശം” എന്ന് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്ന ഈ അവസ്ഥ രാജ്യത്തിനുണ്ടാകാൻ പല തരത്തിലുള്ള കാരണങ്ങളുണ്ട്. പ്രത്യേകിച്ച് മാറിവരുന്ന തൊഴിൽ സംസ്‌കാരം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മറ്റൊരു പ്രധാന കാരണമാണ്. കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ ചെലവ് കൂടും എന്നതിനാലും ജീവിത നിലവാരം കുറയുമെന്നതിലുള്ള നിരാശയും കാരണമാണ് ദമ്പതികൾ കുഞ്ഞുങ്ങളെ വേണ്ടെന്ന തീരുമാനത്തിൽ എത്തുന്നത്.മാത്രമല്ല, പല സ്‌ത്രീകളും കുടുംബ ജീവിതത്തേക്കാൾ പ്രാധാന്യം നൽകുന്നത് അവരുടെ കരിയറിനാണ്. 2023ലെ സർവേ പ്രകാരം, “രക്ഷാകർതൃത്വത്തിന്റെ ഭാരം” ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്നാണ് ഭൂരിഭാഗം സ്‌ത്രീകളും പ്രതികരിച്ചത്. മാത്രമല്ല, പ്രസവ സമയത്തെ വിശ്രമം കാരണം കുടുംബത്തിന്റെ വരുമാനം കുറയുമെന്ന പ്രശ്‌നവും പല കുടുംബങ്ങൾക്കുമുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്തിൽ പ്രത്യുൽപ്പാദന നിരക്ക് എട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. ഈ പ്രവണത തുടർന്നാൽ ദക്ഷിണ കൊറിയയിലെ ഇപ്പോഴുള്ള 51 ദശലക്ഷം ജനസംഖ്യ, 2100ഓടെ പകുതിയായി കുറയുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഒരു സ്ത്രീക്ക് 0.72 കുട്ടികൾ എന്ന റെക്കോർഡ് ഈ വർഷം 0.6 ആയി കുറഞ്ഞു. സർക്കാർ വാഗ്ദാനങ്ങൾനിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി ജനിക്കുന്ന ഓരോ കുഞ്ഞിനും 100 മില്യൺ വോൺ വീതം മാതാപിതാക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് ദക്ഷിണ കൊറിയൻ സർക്കാർ പരിഗണിക്കുന്നതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
ഈ പദ്ധതിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം വിലയിരുത്തുന്നതിനായി സർക്കാരിന്റെ അഴിമതി വിരുദ്ധ, പൗരാവകാശ കമ്മീഷൻ ഒരു പൊതു സർവേ നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി തന്നെയാണോ ജനസംഖ്യ കുറയാനുള്ള യഥാർത്ഥ കാരണം എന്ന് അറിയാൻ കൂടിയാണ് സർവേ. നാല് ചോദ്യങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്.നിലവിൽ ദക്ഷിണ കൊറിയയിൽ കുഞ്ഞ് ജനിക്കുമ്പോൾ മാതാപിതാക്കൾക്ക് 35 ദശലക്ഷം വോണിനും 50 ദശലക്ഷം വോണിനും ഇടയിൽ വരുന്ന തുക നൽകാറുണ്ട്. കുട്ടിക്ക് ഏഴ് വയസ് തികയുന്നതിനിടെയാണ് തവണകളായി പണം ലഭിക്കുക. 1960കളിൽ രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴത്തതിൽ നിന്നും തികച്ചും വിപരീതമായിരുന്നു. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയെക്കുറിച്ച് സർക്കാർ ഉത്കണ്ഠാകുലരായി. തുടർന്ന്, ജനന നിരക്ക് കുറയ്‌ക്കുന്നതിന് കുടുംബാസൂത്രണ നയങ്ങൾ നടപ്പിലാക്കി. അക്കാലത്ത്, ദക്ഷിണ കൊറിയയുടെ ആളോഹരി വരുമാനം ആഗോള ശരാശരിയുടെ 20 ശതമാനം മാത്രമായിരുന്നു. ഒരു സ്ത്രീക്ക് ആറ് കുട്ടികൾ എന്നതായിരുന്നു അപ്പോഴത്തെ ജനന നിരക്ക്.
1982 ആയപ്പോഴേക്കും ജനന നിരക്ക് 2.4 ശതമാനമായി കുറഞ്ഞു.1983ഓടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വളർച്ചയുണ്ടായി. എന്നാൽ, ജനന നിരക്ക് കുത്തനെ ഇടിയാൻ തുടങ്ങി. നൂറ്റാണ്ടിന്റെ അവസാനത്തോടെ ദക്ഷിണ കൊറിയയിലെ ജനസംഖ്യ 52 ദശലക്ഷത്തിൽ നിന്ന് വെറും 17 ദശലക്ഷമായി ചുരുങ്ങുമെന്ന് പ്രവചനങ്ങൾ വന്നിരുന്നു. ഇപ്പോഴത് വലിയ പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.ജനസംഖ്യയിൽ 70 ശതമാനം വരെ നഷ്‌ടം ഉണ്ടാകുമെന്നാണ് ചില കണക്കുകൾ. 14 ദശലക്ഷം ആളുകൾ മാത്രമേ അവശേഷിക്കുകയുള്ളു. ഇത് സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും അഭൂതപൂർവമായ സാമൂഹിക വെല്ലുവിളികളിലേക്ക് നയിക്കുകയും ചെയ്യുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രശ്‌നങ്ങൾക്ക് പരിഹാരമായി 30 വയസ്സിൽ മൂന്നോ അതിലധികമോ കുട്ടികളുള്ള പുരുഷന്മാരെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കി, നികുതി ഇളവ് നൽകിയെങ്കിലും ഇവയെല്ലാം പരമിതമായ സ്വാധീനം മാത്രമേ ജനങ്ങളിൽ ചെലുത്തിയിട്ടുള്ളു.
STORY HIGHLLIGHTS: story-about-fertility-rate-decline-in-south-korea