ആലപ്പുഴ: കളർകോട് ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അനധികൃതമായി കാർ വാടകയ്ക്കു നൽകിയ വാഹന ഉടമ വളഞ്ഞവഴി സ്വദേശി ഷാമിൽഖാനെതിരെ മോട്ടർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വണ്ടിയുടെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണു ശുപാർശ. 11 വിദ്യാർഥികൾ സഞ്ചരിച്ച വാഹനം ഈ മാസം രണ്ടിനു രാത്രി 9.20ന് കളർകോട്ട് നിയന്ത്രണം വിട്ടു കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്വകാര്യ വാഹനം പണം സമ്പാദിക്കാനായി അനധികൃതമായി വാടകയ്ക്കു നൽകിയെന്നു വ്യക്തമായതായി എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടസമയത്തു വാഹനം ഓടിച്ചിരുന്ന വിദ്യാർഥിയുടെ മൊഴി, ഷാമിൽഖാൻ പണം സ്വീകരിച്ചതിന്റെ രേഖ എന്നിവ തെളിവായി സമർപ്പിച്ചു. 7 പേർക്കു സഞ്ചരിക്കാവുന്ന വാഹനത്തിൽ 11 പേരെ അനുവദിച്ചു, ഓടിക്കുന്നയാൾക്കു ലൈസൻസ് ഉണ്ടോയെന്നു പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളും റിപ്പോർട്ടിലുണ്ട്.