മുംബൈ: സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു. വകുപ്പ് വിഭജനം വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ് മഹായുതിക്ക്. ആഭ്യന്തരമടക്കമുള്ള വകുപ്പുകൾ വേണമെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ ആവശ്യം. ഇതിനിടെ സമാജ് വാദി പാർട്ടി, മഹാ വികാസ് അഘാഡിയുമായി ബന്ധം അവസാനിപ്പിച്ചത് പ്രതിപക്ഷത്തിനും തിരിച്ചടിയായി.
പ്രോടേം സ്പീക്കറായി ബിജെപിയുടെ കാളിദാസ് കൊളംബ്കർ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിമാർ ആരെന്നു തീരുമാനിക്കാൻ ആകാതെ വലയുകയാണ് ബിജെപി നേതൃത്വം. ആഭ്യന്തരം ഷിൻഡെ വിഭാഗത്തിന് വിട്ടു നൽകാൻ ബിജെപി തയ്യാറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഷിൻഡെ വിഭാഗം ചർച്ചകൾ നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തര വകുപ്പ് നൽകിയതുപോലെ, ഇപ്പോൾ തങ്ങൾക്ക് നൽകണമെന്നാണ് ഷിൻഡെയുടെ ആവശ്യം. 43 മന്ത്രിമാരെയാണ് സംസ്ഥാനത്ത് നിയോഗിക്കാവുന്നത്. ഇതിൽ പകുതിയിലധികവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയിൽ നിന്നാകും. ശിവസേനയ്ക്ക് 12, എൻസിപിക്ക് 9 എന്നിങ്ങനെയാണ് തത്വത്തിൽ ധാരണയായിട്ടുള്ളത്.