Kerala

നവവധു ഇന്ദുജയുടെ ആത്‍മഹത്യ: ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം; ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. നിലവിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും കൂട്ടുകാരൻ അജാസും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റ മൊഴി.

ഇന്ദുജയുടെ ദേഹത്തെ പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു. പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്ദുജയുടെ സുഹൃത്ത് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.

മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നുതായി പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിൽ വ്യക്തമായിട്ടുണ്ട്.