തിരുവനന്തപുരം: വിമാനപാതയിൽ പട്ടം പറന്നതു കാരണം രണ്ടു വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും ഏറെനേരം നിർത്തിവച്ചു. ഇറങ്ങേണ്ട വിമാനം 11 മിനിട്ടിനുശേഷമാണ് റണ്‍വേ തൊട്ടത്.
പറന്നുയരേണ്ട വിമാനം 45 മിനിട്ട് വൈകി. റൺവേയുടെ 200 അടി ഉയരത്തിലാണ് ഇന്നലെ വൈകിട്ടോടെ പട്ടം പറന്നത്. റൺവേയ്ക്ക് മുകളിൽ പട്ടമുണ്ടെന്ന വിവരം വിമാനത്താവളത്തിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി. പട്ടം അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
ഇറങ്ങാനുള്ള വിമാനങ്ങൾ ആകാശത്ത് ചുറ്റിക്കറങ്ങാൻ നിർദേശം നൽകി. പുറപ്പെടാൻ ഒരുങ്ങിയ വിമാനങ്ങൾ പാർക്കിങ് ബേയിൽ നിർത്തിയിട്ടു. പട്ടം താഴെയിറക്കാന്‍ അഗ്നിശമനാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകിട്ട് ആറരയോടെ പട്ടം തനിയെ നിലംപതിച്ചു. പട്ടം പറത്തിയവരെ കണ്ടെത്താനായിട്ടില്ല.