ഉത്തർപ്രദേശിൽ വിദ്യാർഥിനിക്ക് നേരെ വെടിയുതിർത്ത് യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ അസ്മോലിയിലാണ് ദാരുണമായ സംഭവം നടന്നത്. അംരോഹ സ്വദേശി ഗൗരവ് (25) ആണ് മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ ബിഎസ്‍സി വിദ്യാർഥിനിയായ പെൺകുട്ടി(18) ആശുപത്രിയിൽ ചികിത്സയിലാണ്. അംറോഹ നിവാസിയായ ഗൗരവ് പെൺകുട്ടിയെ പഠന സ്ഥലത്തെത്തി പുറത്തേക്ക് വിളിച്ച് വരുത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവാവ് വെടിവെക്കാനുപയോഗിച്ച തോക്ക് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സംഭാൽ എസ്പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.