ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ നേരിട്ടറിയിക്കുമെന്നും ഇടക്കാല സർക്കാർ വ്യക്തമാക്കി. എന്നാല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്നതിൽ ധാരണയായിട്ടില്ല. വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡിസംബർ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചർച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.