പാലോട് മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിനെ ഭർത്താവിന്റെ സുഹൃത്ത് അജാസ് മർദിച്ചതായി മൊഴി. രണ്ട് ദിവസം മുമ്പ് കാറിൽ വെച്ചാണ് അജാസ് ഇന്ദുജയെ മർദിച്ചതെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരിക്കുന്നത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ദുജയെ പാലോട് അഭിജിത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതിനാൽ ഗാർഹികപീഡനം നടന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ യുവതിയെ മർദിച്ചത് താനല്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇപ്പോൾ അഭിജിത്ത് വ്യക്തമാക്കുന്നത്.
അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അറിഞ്ഞ് തന്നെയാണ് അഭിജിത്ത് യുവതിയെ വിവാഹം ചെയ്തത്. ഈ ബന്ധം പിന്നീട് ഒഴിവാക്കാൻ ശ്രമിച്ചതായി അഭിജിത്ത് മൊഴി നൽകിയിട്ടുണ്ട്. നിർണായകമായ ഈ മൊഴിയിൽ ഗാർഹികപീഡനമടക്കം സംശയിക്കാവുന്നതിനാൽ അഭിജിത്തിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്‌തേക്കും. ഇന്ദുജ-അഭിജിത്ത് ബന്ധത്തിൽ എന്ത് സംഭവിച്ചു എന്നും അജാസ് ഇന്ദുജയെ എന്തിന് മർദിച്ചു എന്നും വ്യക്തമല്ല. മരണത്തിന് പിന്നിലെ കഥ ചോദ്യം ചെയ്യലിൽ കൂടുതൽ സങ്കീർണമാകുന്നു എന്നാണ് പൊലീസിന് അറിയിക്കുന്നത്. ചോദ്യം ചെയ്യലിന് അജാസും അഭിജിത്തും വാട്‌സ്ആപ്പ് ചാറ്റുകൾ നീക്കം ചെയ്ത് എത്തിയത് പൊലീസിന്റെ സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നുമുണ്ട്. ഇരുവരുടെയും മൊഴികളനുസരിച്ചുള്ള ടവർ ലൊക്കേഷൻ ഒത്തുപോകാത്തതും ദുരൂഹത വർധിപ്പിക്കുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ലാബിലെ ജീവനക്കാരി ആയിരുന്നു ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും. ഇന്ദുജയുടെയും അഭിജിത്തിന്റെയും കൂടുതൽ സുഹൃത്തുക്കളിലേക്ക് കൂടി മൊഴിയെടുപ്പ് നീണ്ടേക്കും എന്നാണ് പൊലീസ് നൽകുന്ന വിവരം.