കണ്ണൂർ പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ജനൽ ചില്ലുകൾ തകർക്കുകയും വാതിലിന് തീയിടുകയും ചെയ്തിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദർശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിന് മുന്നോടിയായാണ് ആക്രമണം. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ന് രാവിലെയാണ് ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.