ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. കേരളത്തിൽ മലപ്പുറം ജില്ലയിലാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. കുന്നുകളുടേയും കോവിലകങ്ങളുടേയും തേക്കിന്റേയും നാടാണ് നിലമ്പൂര്‍. നിലമ്പൂര്‍ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണ് ലോകത്തെ ആദ്യത്തെയും ഏറ്റവും പഴയതുമായ നട്ടുവളര്‍ത്തിയ തേക്കു തോട്ടം. ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമിത തേക്ക് തോട്ടം, ഒരേയൊരു തേക്ക് മ്യൂസിയം, കരുളായിയിലെ കരിമ്പുഴ വന്യജീവി സങ്കേതം, നിലമ്പൂരിന്റ ഹിൽ സ്റ്റേഷനായ കക്കാടംപൊയിൽ തുടങ്ങി വിനോദസഞ്ചാരികൾക്ക് ചെന്നെത്താനുള്ള ഇടങ്ങളുടെ ലിസ്റ്റ് നീളുകയാണ്.
ചാത്തു മേനോന്‍ എന്ന നാട്ടുപ്രമാണിയുടെ സഹായത്തോടെ മലബാര്‍ കളക്ടറായിരുന്ന എച്ച്. വി. കൊണോലിയാണ് രണ്ടര ഹെക്ടറില്‍ പരന്നു കിടക്കുന്ന ഈ തേക്കിന്‍ തോട്ടം നട്ടു പിടിപ്പിച്ചത്. സ്വാഭാവികവനങ്ങളില്‍ വളരുന്ന തേക്കിന്റെ തൈകള്‍ സംഘടിപ്പിച്ച് നട്ടുപിടിപ്പിച്ചതാണ് ഈ രണ്ടര ഹെക്ടര്‍ തേക്കിന്‍ തോട്ടം. കൊണോലിയുടെ ഓര്‍മ്മയ്ക്കായി ആദ്യമായി ഇരുവരും ചേര്‍ന്നു നട്ടുപിടിപ്പിച്ച തേക്കുമരം ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. സഹായിയായ ചാത്തുമേനോന്റെ ഓര്‍മ്മത്തറയും ഇവിടെ തന്നെയുണ്ട്. 1840-ലാണ് ഈ തേക്കിന്‍തോട്ടത്തിന് തുടക്കം കുറിച്ചത്. നിലമ്പൂരില്‍ തന്നെ കേരള വനഗവേഷണകേന്ദ്രം സ്ഥാപിച്ച തേക്കു മ്യൂസിയവുമുണ്ട്. ടൗണില്‍ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ തേക്കു മ്യൂസിയം. മധ്യമലബാറിലെ നാടുവാഴികളായ കോവിലകം അധികാരികളുടെ കേന്ദ്രവുമാണ് നിലമ്പൂര്‍. നിലമ്പൂര്‍ പാട്ട് എന്നറിയപ്പെടുന്ന കളമെഴുത്തു പാട്ടിന്റെ ഒരു സവിശേഷരൂപം കോവിലകം വക ക്ഷേത്രത്തിലെ പ്രത്യേകതയാണ്. സൈലന്റ് വാലി വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന കാളികാവ് ഫോറസ്റ്റും, ചോലനായ്ക്കരുടെ ആവാസ കേന്ദ്രമായ മാഞ്ചീരിയും നിലമ്പൂരിന് അടുത്തു തന്നെയാണ്.
നിലമ്പൂരിൽ നിന്ന് പന്തീരായിരം വനമേഖലയുടെ മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാൻ കാേഴിപ്പാറ വരെ ബസ് സർവീസുണ്ട്. നിലമ്പൂരിൽ കരിമ്പുഴ, കാഞ്ഞിരപ്പുഴ ചാലിയാർ എന്നിവയുടെ സംഗമ സ്ഥാനമായ ചാലിയാർ മുക്ക്, കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, ചാലിയാർ ഇടിവണ്ണയിലെ കരിമ്പായിക്കോട്ടമല, നാടുകാണി ചുരം പാത, അമരമ്പലം ടികെ കോളനിയിലെ പൂത്തോട്ടം കടവ്, എടവണ്ണ ആമസാേൺ വ്യൂ പോയിന്റ്, ഒലി വെള്ളച്ചാട്ടം, മുണ്ടേരിയിൽ കൃഷി വകുപ്പിന്റെ വിത്ത് കൃഷിത്തോട്ടം, നിലമ്പൂർ – ഷൊർണൂർ ട്രെയിൻ യാത്ര തുടങ്ങിയവ സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.