Movie News

‘മോളിവുഡ് കണ്ടെന്റ് ആണ് രാജാവ്’; 2024 ൽ മനം നിറച്ച വമ്പൻ പടങ്ങൾ – Movies look back 2024

'കണ്ടെന്റ് ആണ് രാജാവ്' എന്ന വളരെ ലളിതമായ സ്ട്രാടെജിയാണ് ഈ വർഷവും ഇവിടെ വിജയിച്ചത് എന്ന് തോന്നുന്നു

2024 എന്ന വര്‍ഷം അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. വരുന്ന ആഴ്ചകളിലും മലയാളത്തില്‍ റിലീസിന് തയ്യാറായി ഒരു പിടി നല്ല സിനിമകള്‍ കാത്തിരിക്കുകയാണ്. ‘കണ്ടെന്റ് ആണ് രാജാവ്’ എന്ന വളരെ ലളിതമായ സ്ട്രാടെജിയാണ് ഈ വർഷവും ഇവിടെ വിജയിച്ചത് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന വർഷമാണ് 2024. വാലിബനും ഭ്രമയുഗവും ആടുജീവിതവും മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും ആവേശവും ഉൾപ്പെടെ ഗംഭീര സിനിമകളാണ് മോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. കോവിഡ് കാലം സമ്മാനിച്ച ഒടിടി പ്ലാറ്റ്ഫോമുകളും 2024 പിന്നിടാനൊരുങ്ങുമ്പോള്‍ മറുനാടന്‍ പ്രേക്ഷകരിലും പുതിയൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ 10 ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ആറ് സിനിമകളും റിലീസ് ചെയ്യപ്പെട്ട വര്‍ഷമാണ് 2024. അതിൽ മറുനാടന്‍ പ്രേക്ഷകരുടെ സംഭാവനയും നിര്‍ണ്ണായകമായിരുന്നു. 2024 ൽ പ്രേക്ഷക മനം നിറച്ച വമ്പൻ ചിത്രങ്ങൾ ഇവയാണ്.

പൊളിയാണ് ഈ ‘മഞ്ഞുമ്മൽ ബോയ്സ്’

മലയാളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഹൃദയഹാരിയായ ത്രില്ലർ ചിത്രമാണ് ചിദംബരം സംവിധാനംചെയ്ത മഞ്ഞുമ്മൽ ബോയ്സ്!  മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായി മാറി, മികച്ച പ്രേക്ഷകാഭിപ്രായങ്ങളുമായി ബോക്സോഫീസിൽ ആഗോളതലത്തില്‍ 242.3 കോടിയോളം സ്വന്തമാക്കി പുതിയ കുതിപ്പിന് തുടക്കമിട്ടിരുന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. ഒരു യഥാർഥ സംഭവത്തെ അതിഗംഭീരമായി സിനിമയിലേക്ക് പകർത്തിവച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്റെ ചില നിമിഷങ്ങളിൽ പ്രേക്ഷകർ മരണത്തിന്റെ തണുപ്പും, പേടിയുടെ നിശബ്ദതയും, സൗഹൃദത്തിന്റെ ചൂടും ചൂരും തിരിച്ചറിയും. ക്യാമറമാൻ ഷൈജു ഖാലിദും പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശേരിയുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ചങ്കും കരളും. മലയാള സിനിമയുടെ ഗതി മാറ്റുന്ന സിനിമയാകും മഞ്ഞുമ്മൽ ബോയ്സെന്ന സുഷിൻ ശ്യാമിന്റെ വാക്ക് വെറുതെയായില്ല എന്ന് തന്നെ പറയാം.

വെള്ളിത്തിരയിലൊരുക്കിയ വിസ്മയം;  ‘ആടുജീവിതം’

ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ വിസ്മയമായിരുന്നു ആടുജീവിതം എന്ന ചിത്രം. മാത്രമല്ല ഒരു സിനിമ റിലീസാവാന്‍ പ്രേക്ഷകരും ഇതുപോലെ ക്ഷമിച്ചിരുന്നിട്ടുണ്ടാവില്ല. നജീബ് എന്ന യഥാര്‍ത്ഥ വ്യക്തിയുടെ അനുഭവങ്ങളുടെ ചൂട് പകര്‍ത്തി ബെന്യാമിന്‍ എന്ന സാഹിത്യകാരന്‍ സൃഷ്ടിച്ച ആടുജീവിതം ബ്ലെസി എന്ന സംവിധായകനിലൂടെ പുനരവതരിപ്പിക്കപ്പെട്ടിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. നജീബിന്റെ ജീവിതം ഏറ്റുവാങ്ങിയപ്പോൾ വെള്ളിത്തിരയ്ക്കു പോലും പൊള്ളലേറ്റിട്ടുണ്ടാവും. 160 കോടി നേടിയെടുത്ത ആടുജീവിതം സിനിമയാക്കാൻ അണിനിരന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരായ എ.ആർ.റഹ്മാൻ, റസൂൽ പൂക്കുട്ടി, കെ.എസ്.സുനിൽ, ശ്രീകർ പ്രസാദ് തുടങ്ങിയവരും. ഈ സിനിമയ്ക്കായി പൃഥ്വിരാജ് എന്ന നടൻ നടത്തിയ ആത്മസമർപ്പണം ഇതെല്ലാം ഒത്തുചേരുമ്പോൾ മികച്ചതിൽ മികച്ച സിനിമയാണ് ആടുജീവിതം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾക്കെല്ലാമപ്പുറത്ത് ഒരുപടി മുന്നിൽനിൽക്കുന്നതാണ് ഈ ചിത്രം. നജീബിന്റെ ആടുജീവിതം എത്രമാത്രം ഭീകരതയും നിസ്സഹായതയും നിറഞ്ഞതായിരുന്നു എന്ന് ആഴത്തില്‍ മനസിലാക്കി തരുന്നതായിരുന്നു എ.ആര്‍.റഹ്‌മാന്‍ ഗാനങ്ങളും പശ്ചാത്തലസംഗീതവും. സംഗീതവും ചിത്രത്തിൽ മറ്റൊരു കഥാപാത്രം തന്നെയായിരുന്നു. സുനില്‍.കെ.എസിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത് കണ്ടിരിക്കുന്നവരെക്കൂടി മരുഭൂമിയിലേക്ക് കുരുക്കിയിടുന്ന വിസ്മയമായിരുന്നു.

രസച്ചരടിൽ കോർത്ത ലവ് സ്റ്റോറി; ‘പ്രേമലു’

റൊമാന്‍റിക് കോമഡി എന്ന ജോണറിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിരിക്കുന്ന ചിത്രമാണ് പ്രേമലു. മലയാളത്തിലെ പുതുതലമുറ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായവരുടെ കൂട്ടത്തിലുള്ള നസ്‍ലിനും മമിതയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഗിരീഷ് എ ഡിയുടെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ മാത്രം നില്‍ക്കുന്ന സിനിമയല്ല പ്രേമലുവും. ചുറ്റുമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ക്കും അവരുടേതായ പ്രാധാന്യവും സ്പേസുമുണ്ട്. കോമഡികള്‍ വര്‍ക്കൗട്ട് ചെയ്യിക്കുന്നതിലുള്ള തന്‍റെ പ്രാഗത്ഭ്യം ഗിരീഷ് എ ഡി വീണ്ടും തെളിയിച്ചിട്ടുണ്ട് ഈ ചിത്രത്തിലൂടെ. വര്‍ക്കൗട്ട് ആവാത്ത ഒരു കോമഡി രംഗം പോലും ചിത്രത്തിലില്ല എന്നത് തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചതും. സിനിമാറ്റോഗ്രഫി, സൗണ്ട്, മ്യൂസിക്, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങി ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലൊക്കെ മികവ് പുലര്‍ത്തിയിട്ടുണ്ട് ചിത്രം. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നതും. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ 136 കോടി നേടിയെടുത്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് .

എടാ മോനേ…! ‘ആവേശം’

യുവാക്കളുടെ വൈബിൽ അവരുടെ എനർജി ലെവലുമായി യോജിക്കും വിധം ഒരുക്കിയിരിക്കുന്ന ഫുൾ എൻർജി പടം. അതാണ് ആവേശം. കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്ന സിനിമ തിയേറ്ററിൽ തീർത്തതും വലിയ ആവേശം തന്നെയായിരുന്നു. 154.60 കോടി സ്വന്തമാക്കിയ ആവേശത്തിലെ ഗാനങ്ങള്‍ ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ്. സൈക്കോ ഷമ്മിയെ വെല്ലുന്ന സൈക്കോയ്ക്കും അപ്പുറമായ രംഗണ്ണൻ അടുത്ത നിമിഷം എന്തു ചെയ്യുമെന്നുള്ള ആകാംക്ഷയാണ് പ്രേക്ഷകനെ ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത്. സുഷിൻ ശ്യാമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആവേശത്തിന്റെ സീൻ മാറ്റുന്നത് തന്നെ. കണ്ടു മടുത്ത ഫൈറ്റ് സീനുകളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്ന ഫൈറ്റ് സീനുകൾ . ഫഹദ് ഫാസിൽ, സജിൻ ഗോപു, ജെ എസ് മിഥുൻ, ഹിപ്‌സ്റ്റർ, റോഷൻ ഷാനവാസ് എന്നിവരുടെ മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിൽ കാണാനാവുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.

ഭ്രമിപ്പിക്കും ഭയപ്പെടുത്തും ഈ ‘ഭ്രമയുഗം’

മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായായിരുന്നു ‘ഭ്രമയുഗ’ത്തിന്റെ വരവ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ ഈ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷന്‍ നേടിയത് ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ 85 കോടി നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എന്ന അംഗീകാരവും ചിത്രം സ്വന്തമാക്കി. രാഹുലിന്‍റെ സംവിധാനത്തിനൊപ്പം ടി.ഡി. രാമകൃഷ്​ണന്‍റെ സംഭാഷണങ്ങളും ഏറെ ശ്രദ്ധേയമായി എന്ന് പറയാം. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നു. ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ലോക ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.

രസച്ചരട് മുറുക്കി ‘വർഷങ്ങൾക്കു ശേഷം’

സിനിമയും ജീവിതവും തമ്മിലുള്ള സംയോജനം ഈ ചിത്രത്തിലൂടെ പ്രേക്ഷകരെയും പിടിച്ചിരുത്തുന്നു. സൗഹൃദവും സ്നേഹവും സിനിമയും ഇഴച്ചേർന്നൊരു വിനീത് ശ്രീനിവാസൻ മാജിക് അതാണ് വർഷങ്ങൾക്കു ശേഷം. വേൾഡ് വൈഡ് കളക്ഷനിൽ ചിത്രം 81.56 കോടി ക്ലബ്ബിൽ ഇടം നേടിയെടുത്തു. ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തിൽ നിതിൻ മോളിയെന്ന സ്റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിച്ച് നിവിൻ പോളിയും കയ്യടികൾ വാരിക്കൂട്ടുന്നുണ്ട്. ആദ്യപകുതി വളരെ നൊസ്റ്റാൾജിക് ഫ്രെയിമിലാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി കുറെക്കൂടി തമാശകളിലൂടെ മുന്നോട്ടു പോകുന്ന ഒന്നാണ്. സൂപ്പർ ഹിറ്റായ ‘ഹൃദയ’ത്തിന് ശേഷം പ്രണവിനെയും കല്യാണിയേയും നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസൻ അണിയിച്ചോരുക്കിയ വർഷങ്ങൾക്കു ശേഷം സിനിമ സ്വപ്നം കണ്ട് കോടമ്പാക്കത്തേക്ക് ട്രെയിൻ കയറിയ മുരളി, വേണു എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതയാത്ര കൂടിയാണ്. പ്രതീക്ഷയുടെയും ഒറ്റപ്പെടലിന്റെയും സഹനത്തിന്റെയും കഥകൂടി പറഞ്ഞുവെക്കുന്നുണ്ട് ചിത്രം. അമൃത് രാംനാഥിന്റെ സംഗീതമാണ് ചിത്രത്തിന്റെ ആത്മാവ്. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ചിത്രത്തിലേയ്ക്ക് കൂടുതൽ ചേർത്ത് നിർത്തുന്നുണ്ട്. റെക്കോർഡ് തുകയ്ക്കാ‌ണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. സംഗീതത്തിനും പ്രധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ചിത്രത്തിലെ സംഗീതത്തിന് പിന്നിൽ അമൃത് രാംനാഥാണ്. ‘പ്രണയം, ഫ്രണ്ട്ഷിപ്പ്, ഇമോഷണൽ എല്ലാം നിറഞ്ഞുള്ള ഒരു ഫീൽ ​ഗുഡ് മൂവി’, വാക്കുകൾക്ക് അതീതമാണെങ്കിലും വർഷങ്ങൾക്കു ശേഷത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

അതിശയിപ്പിക്കുന്ന ജീവിത നാടകങ്ങള്‍ കോർത്ത ‘ആട്ടം’

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച എഡിറ്റർ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയാണ് ആനന്ദ് ഏകര്‍ഷിയുടെ ’ആട്ടം’ കൈയ്യടി നേടിയത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ആട്ടം അടിമുടി നാടകമാണ്. രണ്ടാഴ്ച കൊണ്ട് ചിത്രം കേരളത്തിൽ നേടിയെടുത്തത് ഒന്നര കോടി രൂപയാണ്. ‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അതിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. സിനിമയെ സിനിമയായി നിലനിർത്തുകയും നാടകത്തിലേക്ക് വീണുപോകാതെ കയ്യടക്കത്തോടെ കഥ പറയുകയും ചെയ്യുന്ന ഡയറക്ടർ ബ്രില്യൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പ്രണയം, പക, സദാചാരം,പണത്തോടും പദവിയോടുമുള്ള മനുഷ്യന്‍റെ ആസക്തി എന്നീ വിഷയങ്ങളെല്ലാം ഈ സിനിമ ചര്‍ച്ച ചെയ്യുന്നു. ആട്ടം ഒരു സിനിമ മാത്രമല്ല. ഒരു സിനിമക്കുള്ളിലെ നാടകം കൂടിയാണ്. നിലപാടുകൾ എടുക്കുകയും അവനവന്റെ സൗകര്യത്തെ അടിസ്ഥാനമാക്കി ആ നിലപാടുകളെ മാറ്റി കളയുകയും ചെയ്യുന്ന 12 മനുഷ്യരിലൂടെയാണ് ആട്ടം സഞ്ചരിക്കുന്നത്. ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ഛായാഗ്രഹകൻ അനുരുദ്ധ് അനീഷാണ്. എഡിറ്റർ മഹേഷ് ഭുവനാനന്ദ്, സംഗീത സംവിധായകൻ ബേസിൽ സി ജെ എന്നിവരടങ്ങുന്ന പ്രതിഭാധനരായ ടീമിനെയാണ് ആട്ടം അവതരിപ്പിക്കുന്നത്.

ജോജുവിന്‍റെ ബ്രില്യന്‍റ്  ‘പണി’

മൂന്ന് പതിറ്റാണ്ടിന്‍റെ അഭിനയാനുഭവമുള്ള വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് പണി. പടം തുടങ്ങി അവസാന നിമിഷം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന റിവഞ്ച് ത്രില്ലറുമായി തന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കിയിട്ടുണ്ട്. ത്രസിപ്പിക്കുന്ന അഭിനയപ്രകടനവുമായി നായകനായ ജോജു ജോർജും വില്ലന്മാരായെത്തുന്ന സാഗർ സൂര്യയും ജുനൈസ് വി.പിയും തിയറ്ററിൽ നിറഞ്ഞു നിന്ന വർഷം. ഒരു സര്‍പ്രൈസ് പാക്കേജ് ആണ് ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാസിംഗ് ഷോട്ടുകളില്‍ പോലും ഒരു മോശം കാസ്റ്റിംഗ് ശ്രദ്ധയില്‍പ്പെടുംവിധം എഴുന്ന് നില്‍ക്കുന്നില്ല എന്നതാണ് പണിയിൽ ശ്രദ്ധേയമായ ഒരു കാര്യം. ബോക്സ് ഓഫീസില്‍ 35 കോടി നേടിയ ചിത്രം ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് എത്തുന്നത്. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‍സി, ജിന്‍റോ ജോർജ്.

ഒരു മുത്തശ്ശി കഥ; ‘അജയന്റെ രണ്ടാം മോഷണം’

കഥ കേൾക്കുന്ന കുട്ടിയുടെ കൗതുകത്തോടെ കണ്ടിരിക്കുന്നവരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒരു മുത്തശ്ശി കഥയിലൂടെയാണ് അജയന്റെ രണ്ടാം മോഷണം ആരംഭിക്കുന്നത്. മിത്തുകളുടെ മായാലോകമാണ് നവാഗതനായ ജിതിൻ ലാൽ തന്റെ ആദ്യ ചിത്രത്തിലൂടെ ഒരുക്കിവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുമ്പോൾ വീരൻ കുഞ്ഞിക്കേളുവും കള്ളൻ മണിയനും മണിയന്റെ കൊച്ചുമകൻ അജയനുമായി ടോവിനോ തോമസ് ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു. ചിയോതിക്കാവിലെ മൂന്ന് തലമുറയുടെ കഥയാണ് അജയന്റെ രണ്ടാം മോഷണം. കാമ്പുള്ള കഥയും അതിനൊത്ത തിരക്കഥയും ആണ് സിനിമയുടെ നട്ടെല്ല്. കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ആഗോളതലത്തിൽ 103.75 കോടി സ്വന്തമാക്കിയ ഈ ചിത്രം ത്രിഡിയിൽ ഒരുക്കിയ ദൃശ്യ വിസ്മയം തന്നെയായിരുന്നു. ഒരു ഫാന്റസി ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും അടങ്ങിയ പശ്ചാത്തല സംഗീതമാണ് സംഗീതസംവിധായകനായ ദീപു നൈനാൻ തോമസ് നൽകിയിരിക്കുന്നത്. കൂടാതെ സംഘട്ടന സംവിധായകരായ വിക്രം മോർ, ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്സ് എന്നിവർ ഒരുക്കിയ ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ കരുത്താണ്.

സുന്ദര കാഴ്ചകള്‍ സമ്മാനിച്ച പുത്തൻ ‘വിശേഷം’

വളരെ ലളിതമായ കൊച്ചു കൊച്ച് വിശേഷങ്ങളുമായി രണ്ടര മണിക്കൂറോളം പ്രേക്ഷകന് നല്ലൊരു കാഴ്ച സമ്മാനിക്കുകയാണ് ‘വിശേഷം’ എന്ന ചിത്രം. വര്‍ണ്ണക്കാഴ്ചകളോ, പൊലിമകളോ ഇല്ലാതെ ചുറ്റും കണ്ട് മറന്നവരുടെ ജീവിതങ്ങളിലെ വിശേഷങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ അഴക്. ഫാമിലി കോമഡി – ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ഈ ചിത്രത്തിൽ കണ്ടുപഴകിയ നായകസങ്കല്പങ്ങളെ മാറ്റി നിര്‍ത്തുന്ന പ്രകടനം തന്നെയാണ് ഷിജു എന്ന കഥാപാത്രത്തിലൂടെ കാഴ്ചവെക്കുന്നത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നതും ആനന്ദാണ്. ഒരു കുടുംബ ചിത്രത്തിന് ഇണങ്ങുന്ന ഹൃദയഹാരിയായ സംഗീതം തീയറ്റര്‍ വിട്ടാലും പ്രേക്ഷകരുടെ മനസില്‍ കാണും വിധം നന്നായി ഒരുക്കിയിട്ടുണ്ട്. അഭിനയ ഗ്രാഫ് ഉയര്‍ത്തുന്ന വേഷങ്ങളില്‍ നിരന്തരം തിളങ്ങുന്ന ചിന്നു ചാന്ദ്നി സജിത എന്ന വേഷവും മനോഹരമാക്കിയിട്ടുണ്ട്. സാധാരണമായ ഒരു കഥയില്‍ അത്യാഢംബരങ്ങള്‍ ഒന്നും ഇല്ലാതെ പ്രേക്ഷക മനസിനെ തലോടുന്ന രീതിയിലുള്ള ചിത്രമാണ് വിശേഷം സമ്മാനിക്കുന്നത്.

ഉള്ളില്‍ തട്ടുന്ന ‘ഉള്ളൊഴുക്ക്’

പാര്‍വതി തിരുവോത്ത്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. പേരു അന്വർഥമാക്കുന്ന രീതിയിൽ എടുത്തിരിക്കുന്ന ഈ ചിത്രം പുറമേ ശാന്തവും അകമേ വൈകാരിക സംഘർഷങ്ങളുടെ വേലിയേറ്റവുമുള്ള ഒരു സിനിമ തന്നെയാണ്. ആർക്കൊപ്പം നിൽക്കണം എന്ന് പ്രേക്ഷകനെ അനുനിമിഷം കുഴയ്ക്കുന്ന ചിത്രം അവസാനിക്കുമ്പോഴും ഉത്തരം കിട്ടാതെ അലയുന്നുണ്ടാകും പ്രേക്ഷകർ. ബാക്കി നിൽക്കുന്ന ആ ചോദ്യം തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. കുട്ടനാടിന്റെ വെള്ളപ്പൊക്ക ദുരിതം പകര്‍ത്തിയുള്ള കഥയാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരമ്മയുടെ ആത്മസംഘർഷം അതേ തീവ്രതയോടെ അവതരിപ്പിക്കാൻ ഉർവശിയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഉർവശിക്കൊപ്പം പിടിച്ചു നിൽക്കുന്ന പ്രകടനമാണ് പാർവതിയും നടത്തിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ 4.46 കോടി സ്വന്തമാക്കിയിരിക്കുന്ന ഈ ചിത്രം ഉർവശിയ്‌ക്ക് മികച്ച നടിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിക്കൊടുത്തു. ചിത്രത്തിന് എല്ലാ പൂർണതയും നൽകാൻ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനും കഴിഞ്ഞിട്ടുണ്ട്.

ഇരട്ടപെറ്റ അവതാരങ്ങളുമായി ‘തലവൻ’

ബിജു മേനോനും ആസിഫ് അലിയും നായകന്മാരായി വേഷമിട്ട ക്രൈം ത്രില്ലർ ജോണറിൽപ്പെട്ട ‘തലവൻ’ 2024 ൽ മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച ചിത്രമാണ്. ആഗോള തലത്തിൽ 25 കോടി നേടി പ്രേക്ഷകരുദ്ദേശിക്കാത്ത ട്വിസ്റ്റുകള്‍ നൽകിയ ഈ ചിത്രം രണ്ടേകാല്‍ മണിക്കൂറോളം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി. ഒരേ പോലീസ് സ്റ്റേഷനിലെ സി ഐ ജയശങ്കറും എസ് ഐ കാര്‍ത്തികും തമ്മിലുള്ള അധികാരത്തിലേയും അന്വേഷണത്തിലേയും തര്‍ക്കങ്ങളിലൂടെ വികസിക്കുന്ന കഥ വ്യത്യസ്ത കുറ്റാന്വേഷണത്തിലേക്കാണ് സഞ്ചരിക്കുന്നത്. സി ഐ ജയശങ്കറായി ബിജു മേനോനും എസ് ഐ കാര്‍ത്തിക്കായി ആസിഫ് അലിയും കട്ടക്കു നിൽക്കുമ്പാൾ ചിത്രത്തിലെ രംഗങ്ങളുടെ മാറ്റ് കൂട്ടുന്നു. റോഷാക്കിനുശേഷം കോട്ടയം നസീറിന് കരിയറിൽ ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തലവനിലേത്. ജിസ് ജോയ് എന്ന സംവിധായകൻ ഒരു പോലീസ് ഇൻവെസ്റ്റി​ഗേഷൻ ചിത്രവുമായി വരുന്നു എന്നത് തന്നെയാണ് തലവൻ എന്ന ചിത്രത്തെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചതും.

തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളില്‍ നിന്നും വമ്പൻ സിനിമകളാണ് 2024ൽ എത്തുന്നത്. അമരൻ, മഹാരാജ, വേട്ടയ്യൻ, കൽക്കി, തങ്കലാൻ, വിടാ മുയർച്ചി, പുഷ്പ 2 എന്നിവയും മലയാളത്തിലെ എമ്പുരാന്‍, മാർക്കോ, ബാറോസ്, പിക്ക് പോക്കറ്റ് എന്നിങ്ങനെ ഒരു നീണ്ടനിര തന്നെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്കൊപ്പം കിഷ്കിന്ധാ കാണ്ഡം, ആട്ടം, ഗോളം, ഗഗനചാരി, ഏബ്രഹാം ഓസ്‌ലർ, ടർബോ, അജയന്റെ രണ്ടാം മോഷണം, വാഴ, ഭരതനാട്യം… തുടങ്ങിയ ചിത്രങ്ങളും ഒടിടിയിലും തിയേറ്ററിലും ഈ വര്‍ഷം മറുഭാഷാ പ്രേക്ഷകരുടെയും മലയാളികളുടെയും കൈയടി വാങ്ങി മുന്നേറിയ ചിത്രങ്ങളുടെ പട്ടികയിലുൾപ്പെടുന്നു.

STORY HIGHLIGHT: Movies look back 2024