കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. കോട്ടയം-കുമിളി റോഡിൽ ഇപ്പോൾ കൊല്ലം-തേനി ദേശീയ പാതയ്ക്കും അടുത്താണ് ഈ ചെറുപട്ടണം. കോട്ടത്ത് നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തോട്ടങ്ങളുടെ പട്ടണം എന്ന് സുന്ദരഗ്രാമത്തെ വിശേഷിപ്പിക്കാം. ചെറുകുന്നുകളും, തോട്ടങ്ങളുമുളള, സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിള്‍ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്.
ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയില്‍ വിശാലമായ പുല്‍മേടുകളാണ്. സാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ട കുട്ടിക്കാനം ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ്. നാലു കിലോമീറ്റര്‍ അകലെയുള്ള ത്രിശങ്കു കുന്നുകള്‍ ദീര്‍ഘദൂര നടത്തത്തിന് വഴികളൊരുക്കുന്നു. സൂര്യാസ്തമനവും സൂര്യോദയവും കാണാന്‍ ത്രിശങ്കുവിനു മുകളിലേക്ക് ഒരു നടത്തം ആരോഗ്യവും ഉല്ലാസവും പകരും. തോട്ടങ്ങളും കാടും കടന്നു വരുന്ന കാറ്റ് സഞ്ചാരികള്‍ക്ക് ആനന്ദം പകരും. ചെറിയ വെള്ളച്ചാട്ടങ്ങളും പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്. ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷിയുമുണ്ട്.
സ്ഥലത്തിന് ഈ പേരുവന്നതിൽ തന്നെ ഒരു കഥയുണ്ട്. പീരുമേടിന്റെ പഴയ പേര് അഴുത എന്നായിരുന്നു. പീരുമേട് തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു. വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് കൈവിട്ടുപോയി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്. പ്രമുഖ സിദ്ധനും സൂഫി സന്യാസിയുമായിരുന്ന പീർമുഹമ്മദ് വലിയുല്ലാഹ് ദീർഘകാലം ധ്യാനത്തിന് തെരഞ്ഞെടുത്ത മലയായത് കൊണ്ടാണ് പീരുമേട് എന്ന് പേര് വന്നത്. അതിനാൽ തന്നെ പീര്‍ മുഹമ്മദ് എന്ന സൂഫി ആചാര്യന്റെ കബറിടത്താല്‍ പ്രസിദ്ധമാണ് ഇവിടം. തിരുവിതാംകൂര്‍ രാജാവിന്റെ സുഹൃത്തും ആശ്രിതനുമായിരുന്നു പീര്‍ മുഹമ്മദ്. രാജാവിന്റെ വേനല്‍ക്കാല വസതി ഇന്ന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു അതിഥി മന്ദിരമാണ്.