ചിക്കൻ വിഭവങ്ങൾ പലതരത്തിലുണ്ടല്ലേ, ഇന്ന് വളരെ വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? രുചികരമായ ചിക്കൻ ഗീ റോസ്റ്റ്.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ ഗീ റോസ്റ്റ്
- ചിക്കന്‍ – 1 കിലോ
- നാരങ്ങാ നീര് – 1 ചെറുനാരങ്ങയുടേത്
- തൈര് – ½ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മല്ലി – 2 ടേബിള്‍ സ്പൂണ്‍
- പെരും ജീരകം – 1 ടീസ്പൂണ്‍
- കുരുമുളക് – 6 ,8 എണ്ണം
- ചെറിയ ജീരകം – 1 ടീസ്പൂണ്‍
- കറുവപ്പട്ട – ഒരു ചെറിയ കഷണം
- ഗ്രാമ്പൂ – 4, 5 എണ്ണം
- ഏലക്കായ – 1, 2 എണ്ണം
- വറ്റല്‍ മുളക് – 4, 5 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷണം അരിഞ്ഞത്
- വെളുത്തുള്ളി – 4, 5 അല്ലി അരിഞ്ഞത്
- വാളന്‍ പുളി – ഒരു ചെറിയ കഷണം വെള്ളത്തില്‍ കുതിരാന്‍ ഇടുക
- സവാള – 3 എണ്ണം ചെറുതായി അരിഞ്ഞത്
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
- നെയ്യ് – ആവശ്യത്തിന്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ ആക്കി കഴുകി വൃത്തിയാക്കിയതില്‍ നാരങ്ങാനീരും, തൈരും, ഉപ്പും പുരട്ടി 2, 3 മണിക്കൂര്‍ വെക്കുക. കട്ടിയുള്ള ചീനച്ചട്ടിയില്‍ മല്ലി, പെരും ജീരകം, കുരുമുളക്, ചെറിയ ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, വറ്റല്‍ മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. തണുത്തത്തിന് ശേഷം ഒരു മിക്സറില്‍ ഇട്ടു നന്നായി പൊടിച്ചെടുക്കുക.
ഫ്രൈയിങ് പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ചിക്കന്‍ കഷണങ്ങള്‍ 15-20 മിനുട്ട് വരെ അടച്ചു വെച്ചു വേവിക്കുക. ചിക്കന്‍ കഷണങ്ങളില്‍ നിന്നും വെള്ളം ഊറി ഇറങ്ങി, വെന്തു കൊള്ളും. ചിക്കന്‍ വെന്തതിന് ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ ഫ്രൈയിങ് പാനില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് സവാള, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് , കറിവേപ്പില എന്നിവ വഴറ്റുക.
അതിലേക്കു പൊടിച്ച് വെച്ചിരിക്കുന്ന മസാലകള്‍ ചേര്‍ത്തു നന്നായി മൂപ്പിച്ചതിന് ശേഷം പുളിവെള്ളവും, ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിക്കുക. രണ്ടു മൂന്നു ടേബിള്‍സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്തു മസാലകള്‍ എല്ലാം ചിക്കനില്‍ നന്നായി പുരണ്ട് ഡ്രൈ ആകുന്നത് വരെ ചേര് തീയില്‍ വേവിച്ചെടുക്കുക.