30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്നു ജാപ്പനീസ് ദൗത്യമായ ‘ഹയബുസ 2’ കൊണ്ടുവന്ന കല്ലും മണ്ണുമടങ്ങിയ സാംപിളുകളിൽ ഭൂമിയിലെ സൂക്ഷ്മജീവികളെ കണ്ടെത്തിയവാർത്തഏറെ കൗതുകത്തോടെയാണ് നമ്മൾ വായിച്ചറിഞ്ഞത്. ഒരു കിലോമീറ്ററോളം ചുറ്റളവുള്ള ഛിന്നഗ്രഹമാണു റ്യുഗു. ജൈവാംശങ്ങളും ജലാംശവും ഏറെ ഉള്ള ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലം നിയന്ത്രിത സ്ഫോടനം വഴി തുരന്ന് സാംപിളുകൾ ശേഖരിച്ചാണു ഹയബുസ -2 എത്തിയത്.ഇതോടെ ശരവേഗത്തിൽ പറക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ വാഹനം ലാൻഡ് ചെയ്ത് അതിലെ സാമ്പിൾ ശേഖരിക്കാൻ മാത്രം വളർന്ന മനുഷ്യകുലത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ആളുകൾ. മൂന്നു വർഷം കഴിഞു ഛിന്നഗ്രഹം എവിടെയായിരിക്കും എത്തുക എന്നു കണക്കു കൂട്ടി കണ്ടുപിടിച്ചു അവിടെയെത്താൻ വേണ്ട വേഗത കണക്കു കൂട്ടി ഒരു വാഹനം വിക്ഷേപിക്കുക. അത് കൃത്യമായി ആ തീയതി ഛിന്നഗ്രഹത്തിന്റെ അടുത്തെത്തി അതിലേക്ക് ലാൻഡ് ചെയ്യുക. ഫോട്ടോ എടുത്ത് ഈ രണ്ടരക്കോടി കിലോമീറ്റർ അകലെയുള്ള ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്തേക്കയക്കുക.
എന്നിട്ട് ആ ഛിന്നഗ്രഹത്തിൽ സഞ്ചരിക്കുക. അതിൽ നിന്നും ഒരു റോബോട്ട് കല്ല് ചുരണ്ടിയെടുത് ഒരു ടിന്നിലാക്കുക. ആ ടിന്നും പേടകവും കൂടി തിരിച്ചു വീണ്ടും മൂന്നു വർഷം സഞ്ചരിച്ച് ഭൂമിയിലേക്ക് വരിക. അത് ആറു വർഷം മുന്നേ തീരുമാനിച്ച മരുഭൂമിയിലെ ഒരു സ്പോട്ടിൽ കൊണ്ടു വന്നു സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക. എന്നതെല്ലാം സ്വപ്ന സമാനമാണെന്ന് ആണ് മിഷനു നേതൃത്വം നൽകിയ ജപ്പാൻ സ്‌പെയ്‌സ് ഏജൻസി വ്യക്തമാക്കുന്നത്. ഏതായാലും കൂടുതൽ വിജയകരമായ മിഷനുകൾ ആയി മുന്നോട്ട് പോകുന്ന വിവിധ ബഹിരാകാശ ഏജൻസികൾ കൂടുതൽ രഹസ്യങ്ങളുടെ ചുരുളഴിക്കുമെന്നാണ് പ്രതീക്ഷ.