താമരശ്ശേരി ചുരത്തിലെ അപകടയാത്രയിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിച്ചത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയാണ് നിറയെ യാത്രക്കാരുള്ള കെഎസ്ആർടിസി ബസുമായി ഡ്രൈവറുടെ സാഹസിക യാത്ര. കൽപ്പറ്റയിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആണ് തീരുമാനം. നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകുന്ന ഡ്രൈവറുടെ വിശദീകരണം കൂടി തേടിയ ശേഷമാകും നടപടി.