കേശ പരിപാലനത്തിലും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ വളരെധികം ഉപയോഗിക്കുന്ന ചെടിയാണ് കറ്റാര്‍വാഴ. വയറ്റിലുണ്ടാകുന്ന ചില അസ്വസ്ഥതകള്‍ക്ക് മരുന്നായി ആയുര്‍വേദത്തിലും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. കൃഷിയിടത്തില്‍ പുതിയ ചെടികളോ പുതിയ നടീല്‍ വസ്തുക്കളോ ഒക്കെ ലഭിക്കുമ്പോള്‍ പ്രത്യേകിച്ച് പുതിയ കമ്പുകള്‍ ആണ് ലഭിക്കുന്നതെങ്കില്‍ കറ്റാര്‍വാഴയുടെ നീരില്‍ കുത്തി വെച്ച് 30 മിനിറ്റ് കഴിഞ്ഞ് നടുന്ന ഒരു രീതിയുണ്ട്. കറ്റാര്‍വാഴയുടെ ജെല്ല് റൂട്ടിംഗ് ഹോര്‍മോണായി പ്രവര്‍ത്തിക്കാറുണ്ട്. അതിനാലാണ് അത്തരം ഒരു കാര്യം ചെയ്യുന്നത്.(കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ Auxins,Gibberellins,Cytokinins,Ethylene എന്നിവയാണ്.) പെട്ടെന്ന് വേരുമുളയ്ക്കാന്‍ ഇത് വളരെ മികച്ചൊരു രീതിയാണ്.
ഹോര്‍മോണ്‍ തയ്യാറാക്കാന്‍ വേണ്ടി വലിയ കറ്റാര്‍വാഴയുടെ രണ്ട് പോളകളില്നിന്ന് ശേഖരിച്ച ജെല്ല് (ശേഖരിച്ചു വച്ചിരിക്കുന്ന ജെല്‍ ഒരു ഗ്ലാസ് ഉണ്ടായിരിക്കണം) ജെല്ല് ശേഖരിക്കുന്നതിന് വേണ്ടി പോളകള്‍ ചെടിയില്‍ നിന്നും മുറിച്ചെടുത്താല്‍ അര മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ ഒരു പേപ്പറിലോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥലത്തോ അതിനെ ചരിച്ചുവച്ച് സ്വര്‍ണ്ണ നിറത്തോടുകൂടിയുള്ള കറ അതിനകത്ത് നിന്ന് പുറത്തു പോകാന്‍ അനുവദിക്കണം. ഈ കറ വസ്ത്രത്തിലും മറ്റും ആകാതെ ശ്രദ്ധിക്കുക. ഈ ദ്രാവകം ദേഹത്തായാല് ചൊറിച്ചില്‍ വരാന്‍ സാധ്യതയുണ്ട്.
കറ പോയതിനു ശേഷം മാത്രം ജെല്ല് വേര്‍തിരിക്കുക. വേര് തിരിച്ചെടുത്ത ജെല്ല് ഒരു ഗ്ലാസ് ആണ് ഉള്ളത് എങ്കില്‍ അതിന് മിക്സിയുടെ ജാറില്‍ വെള്ളമൊന്നും ചേര്‍ക്കാതെ തന്നെ നന്നായിട്ട് അരച്ചെടുക്കുക. ശേഷം മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ഇതിനെ മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം. പുതിയ തൈകള്‍ മാറ്റി നടുന്നതിന് മുമ്പ് അരമണിക്കൂര്‍ സമയം ഇതില്‍ മുക്കിവയ്ക്കുന്നതും, തൈകള്‍ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാര്‍ഡ് എന്ന രൂപത്തില്‍ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകള്‍ക്ക് നന്നായി കരുത്ത് ലഭിക്കാന്‍ വേണ്ടിയും ഇത് ഉപയോഗിക്കാം.
കറ്റാര്‍വാഴ ജെല്‍ പ്രകൃതിദത്തമായ റൂട്ടിങ് ഹോര്‍മോണ്‍ അല്ലെങ്കില്‍ വളര്‍ച്ച ഹോര്‍മോണ്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. വേരിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ചില സംയുക്തങ്ങള്‍ കറ്റാര്‍വാഴ ജെല്ലില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കറ്റാര്‍വാഴ ജെല്ലില്‍ വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയ വിവിധ വിറ്റാമിനുകളും സസ്യങ്ങളുടെ വേരുകളുടെ വളര്‍ച്ചയെ നല്ലരീതിയില്‍ സ്വാധീനിച്ചേക്കാവുന്ന എന്‍സൈമുകളും അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങള്‍ ചെടികളുടെ കരുത്ത് മെച്ചപ്പെടുത്താനും വേര് പിടിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴ ജെല്ലില്‍ പോളിസാക്രറൈഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വെള്ളം നിലനിര്‍ത്തുന്നത് മെച്ചപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു.