വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി കേരളം. ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്‌സില്‍ 190 റണ്‍സിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ കുനാലിന്റെ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി കേരള ഇന്നിങ്‌സിന് കരുത്തായതും ഇഷാന്റെ പ്രകടനമായിരുന്നു.
നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് അധികം പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍ 140ല്‍ നില്‍ക്കെ നിതില്‍ നായിക്കിനെ പുറത്താക്കി നന്ദനാണ് ഹൈദരാബാദിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അന്‍പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി വീണു. 47 റണ്‍സെടുത്ത കുശാല്‍ തിവാരിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ഇഷാന്‍ ആറും നന്ദന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 11 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാലാം ഓവറില്‍ തന്നെ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ നെവിന്‍ ഒന്‍പതും ജൊഹാന്‍ രണ്ടും റണ്‍സുമായി പുറത്താകാതെ നിന്നു.