ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദർശനം തടസ്സപ്പെട്ടത് തെറ്റാണ്.
ദിലീപിന് മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രമാണ്. മാധ്യമ പ്രവർത്തകർക്കടക്കം റൂം അനുവദിക്കാറുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. വർഷങ്ങളായി അനധികൃതമായി ഡോണർ മുറി കൈവശം വെച്ച സുനിൽ സ്വാമി എന്ന സുനിൽ കുമാറിനെ കുറിച്ചുള്ള കോടതി പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. സുനിൽ കോടതി നിർദേശം വന്ന ഉടനെ മല ഇറങ്ങി. അദ്ദേഹത്തിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്. അവിടെയാണ് തങ്ങിയതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിലാണ്. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന് മുറി നൽകിയത്. പണം വാങ്ങാതെയാണ് മുറി അനുവദിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നു. ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നൽകിയത്. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവൻ സമയവും ദിലീപും സംഘവും ദർശനം തേടി. ഈ സമയത്ത് ദർശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ തടഞ്ഞത് വലിയ വിവാദമായിരുന്നു.