പാലക്കാട് പൊലീസിൻ്റെ വൻ സ്പിരിറ്റ് വേട്ട. കാലിത്തീറ്റയെന്ന വ്യാജേന ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 3500 ലിറ്റര്‍ സ്പിരിറ്റുമായി അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. പാലക്കാട് ടൗൺ സൗത്ത് പൊലീസും ഡാൻസാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വലിയ ചാക്ക് കെട്ടുകളിൽ കാലിത്തീറ്റയുമായി വരുന്ന മിനി ലോറി. ഒറ്റനോട്ടത്തിൽ കള്ളലക്ഷണങ്ങളൊന്നുമില്ല. ചാക്കുകെട്ടുകൾ ഓരോന്നായി മാറ്റിയപ്പോഴാണ് പൊലീസ് ഞെട്ടിയത്. 100 കന്നാസുകളിലായി 3500 ലിറ്റര്‍ സ്പിരിറ്റ്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസിൻ്റെ കണ്ടെത്തൽ. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പരിശോധന.
മുന്നിലും പിന്നിലുമായി രണ്ട് കാറുകളുടെ എസ്കോര്‍ട്ടോടെയായിരുന്നു ലോറിയുടെ സഞ്ചാരം. എലപ്പുള്ളി അംബുജം ജംങ്ഷനിൽ നിന്നും കൈകാണിച്ചു. നിര്‍ത്താതെ പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൊഴിഞ്ഞാമ്പാറ വണ്ണാമട സ്വദേശി ബിനു, ഡ്രൈവര്‍ പ്രജിത്ത് മിഥുൻ, വിനോദ് എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുമ്പും സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതികളായ പെരുമ്പാവൂര്‍ സ്വദേശികളായ പ്രദീപും ബിജുവും രണ്ട് കാറുകളിലായിരുന്നു സഞ്ചാരം.
ലോറിയോടൊപ്പം കസ്റ്റഡിയിലെടുത്ത സ്വിഫ്റ്റ് കാര്‍, ആൾട്ടോ കാര്‍ എന്നിവയിൽ നിന്നും സ്പിരിറ്റ് കന്നാസുകൾ കണ്ടെത്തി. ഒന്നാം പ്രതി ബിനുവിൻ്റെ ഉടമസ്ഥതയിലുള്ള കള്ള് ഉൽപാദന കേന്ദ്രത്തിലേക്കാണ് സ്പിരിറ്റ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിനു കള്ള് ഉൽപാദനത്തോടൊപ്പം വിദേശമദ്യം കലര്‍ത്തി വിപണനം ചെയ്യാറുണ്ടെന്നും പൊലീസ്. പ്രതികളുടെ ഫോൺ പരിശോധനയിൽ വിദേശമദ്യ സ്റ്റിക്കറുകളും ഹോളോഗ്രാമുകളും നിർമ്മിക്കുന്നതിനുള്ള ഓർഡറുകളുടെ ഫോട്ടോകൾ കണ്ടെത്തി. അതേസമയം പാലക്കാട്ടെ സ്പിരിറ്റ് ഒഴുകുന്നത് എക്സൈസിൻ്റെ പിടിപ്പുകേടാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രണ്ട് മാസത്തിനിടെ ജില്ലയിൽ പതിനായിരം ലിറ്റര്‍ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്.