പൂരം സുഗമമായി നടത്താൻ നിയമനിർമ്മാണം വേണമെന്ന് സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ തൃശ്ശൂരിലെ ക്ഷേത്ര ഉത്സവ കൂട്ടായ്മയാണ് ആചാര സംരക്ഷണ സംഗമം സംഘടിപ്പിച്ചത്.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണങ്ങള്‍, വെടിക്കെട്ടിനുള്ള പെസോയുടെ മൂക്കുകയര്‍ എന്നിവ തുടര്‍ന്നുപോയാല്‍ കേരളത്തിലെ പൂരങ്ങളും ഉത്സവങ്ങളും പെരുനാളുകളും ഇല്ലാതാവുമെന്നും നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാണ് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ജെല്ലിക്കെട്ട് മാതൃകയില്‍ കേരളവും നിയമ നിര്‍മാണത്തിലേക്ക് കടക്കണമെന്നാണ് തൃശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
ആന എഴുന്നള്ളത്തിനുള്ള കോടതി ഇടപെടലില്‍ രൂക്ഷ വിമര്‍ശനവും കൂട്ടായ്മയില്‍ ഉയര്‍ന്നു. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷനായ കൂട്ടായ്മ തൃശ്ശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ മത, സാമുദായിക, സാംസ്കാരിക നേതാക്കള്‍ ഐക്യ ദാര്‍ഢ്യവുമായെത്തി പൂരപ്രേമി സംഘത്തിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസവും സംഘടിപ്പിക്കുന്നുണ്ട്.