അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് രാമേശ്വരത്തുനിന്ന് എട്ട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചയാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ്നാട് തീരദേശ പൊലീസ് അറിയിച്ചു. വിലകൂടിയ രണ്ട് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ കാങ്കസന്തുറൈ തുറമുഖ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇവരെ ജാഫ്ന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. ഡിസംബർ നാലിന് 14 തമിഴ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായിരുന്നു.
ശ്രീലങ്കൻ നാവികസേന ക്രൂരമായി ആക്രമിച്ചെന്നും മത്സ്യബന്ധന വലകളും ജി.പി.എസ് ഉപകരണങ്ങളും നശിപ്പിച്ചെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു. ഡിസംബർ മൂന്നിനും 18 പേരെ നെടുന്തീവിനു സമീപം തടഞ്ഞിരുന്നു.