തിരുവനന്തപുരം ഓഡിറ്റോറിയത്തിനുള്ളിൽ നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂർ പോങ്ങുംമൂടിലാണ് സംഭവം. പോങ്ങുംമൂട് സ്വദേശിയായ രാജേന്ദ്രനാണ് മരിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തായാണ് രാജേന്ദ്രൻ താമസിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന്ധുക്കൾ രാജേന്ദ്രനെ അവസാനമായി കണ്ടത്. കഴിഞ്ഞ രണ്ട് ദിവസമായി രാജേന്ദ്രനെ കാണ്മാനില്ലായിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.