17 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ ഒപ്പം താമസിച്ച യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ ആദിത്യൻ (21), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ചാണ് കുട്ടിയുടെ അമ്മ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തത്.
സ്വകാര്യ ബസിലെ കണ്ടക്ടറായ പ്രതി, 17കാരിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യൻ പ്രതിയാണ്. 17കാരി ഗർഭിണിയായതോടെ അഞ്ചാംമാസം ആദിത്യന്റെ മാതാപിതാക്കൾ ജോലിചെയ്യുന്ന വയനാട്ടിലെത്തി കൈനാടി സർക്കാർ ആശുപത്രിയിലാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനുശേഷം നാലുമാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന് യുവാവിനൊപ്പം താമസിക്കുകയായിരുന്നു. ആദിത്യനുമായി ഇപ്പോൾ പിണക്കത്തിലായ പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞതോടെയാണ്
ഏനാത്ത് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാലനീതി നിയമമനുസരിച്ചും ബാലവിവാഹ നിരോധന നിയമം വകുപ്പ്-9 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ആദിത്യനെ ഇന്നലെ സന്ധ്യയോടെ ഇയാളുടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ അമ്മയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.