ആർത്തവ ദിനങ്ങളിൽ പല അസ്വസ്ഥതകളും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ, ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഈ അസ്വസ്ഥതകൾ മറികടക്കാൻ സഹായിക്കും. ആർത്തവദിനങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്താണെന്ന് നോക്കാം.
ആർത്തവ ദിനങ്ങളിൽ ഐസ്ക്രീം, മധുര പലഹാരങ്ങൾ തുടങ്ങിയവ കഴിക്കാൻ ആസക്തി തോന്നാറുണ്ട്. ഈ മധുര പലഹാരങ്ങൾ ഇൻസുലിൻ അളവിനെ സാരമായി ബാധിക്കും. ഈ ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
- പൈനാപ്പിൾ – ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു
- തണ്ണിമത്തൻ – വീക്കം ചികിത്സിക്കുന്നു
- ഇഞ്ചി – വയർ വീർക്കൽ ചികിത്സിക്കുന്നു
- ബീറ്റ്റൂട്ട് – ഊർജ നില വർധിപ്പിക്കുന്നു
- നാരങ്ങ – ക്ഷീണം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു
മധുരം അമിതമായി കഴിക്കുന്നത് ശരീരത്തിലെ വീക്കം വർധിപ്പിക്കുന്നതിന് കാരണമാകും. ആർത്തവം ചിലർക്ക് വീക്കം, അസ്വസ്ഥത എന്നിവ ഉണ്ടാക്കാം. മധുര പലഹാരങ്ങൾ പരിമിതപ്പെടുത്തുന്നത് വീക്കം കുറയ്ക്കാനും ചില ആർത്തവ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ അഭിപ്രായപ്പെട്ടു. മധുരം പൂർണമായി കുറയ്ക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഊർജത്തിനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിനും ആവശ്യമായ പ്രോട്ടീനും സങ്കീർണമായ കാർബോഹൈഡ്രേറ്റുകളും ഭക്ഷണത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ നിർദേശിച്ചു.
തണ്ണിമത്തൻ
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ പോലുള്ള അവശ്യ പോഷകങ്ങൾ തണ്ണിമത്തനിലുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നേരിടാൻ ലൈക്കോപീൻ സഹായിക്കുന്നു. അതിലൂടെ വീക്കം കുറയ്ക്കുകയും അസ്വസ്ഥത ലഘൂകരിക്കുകയും ചെയ്യുന്നു. തണ്ണിമത്തനിലെ ജലാംശം ആർത്തവസമയത്ത് ശരീരത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഇഞ്ചി
ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചി സഹായിക്കും. ഇഞ്ചിക്ക് ആന്റി-ഇൻഫ്ലാമേറ്ററി, വേദനസംഹാരിയായ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ആർത്തവവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. ചായയിലോ ഭക്ഷണം പാചകം ചെയ്യുമ്പോഴോ പതിവായി ഇഞ്ചി ചേർക്കുന്നത് വേദന നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗോയൽ പറഞ്ഞു.
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ട് വീക്കം കുറയ്ക്കുകയും ആർത്തവ സമയത്തെ അസ്വസ്ഥതയും വേദനയും കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിലെ ഇരുമ്പിന്റെ അംശം ക്ഷീണം ലഘൂകരിക്കും.
നാരങ്ങ
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങൾക്കും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനുള്ള കഴിവിനും പേരുകേട്ടതാണ്. വീക്കം കുറയ്ക്കുന്നതിലൂടെ, വിറ്റാമിൻ സി ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. നാരങ്ങ വെള്ളം അല്ലെങ്കിൽ ജ്യൂസ് ജലാംശം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഗോയൽ പറഞ്ഞു.
പൈനാപ്പിൾ
ആർത്തവ വേദന കുറയ്ക്കുന്നതിന് പൈനാപ്പിൾ സഹായിക്കുന്നു. ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയ പൈനാപ്പിളിൽ പ്രകൃതിദത്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പൈനാപ്പിൾ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് വിറ്റാമിൻ സി. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
content highlight : which-foods-to-eat-during-your-periods