തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാരിനു വരുമാന വിഹിതം ലഭിക്കുന്നതിനാൽ കേന്ദ്രത്തിനും വരുമാന വിഹിതത്തിന് അർഹതയുണ്ടെന്ന വിചിത്ര വാദമുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ ചെയ്തത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസന്റ് മൂല്യം (എൻപിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു.
ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിന്റെ കാലയളവിൽ പലിശയിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10000-– 12000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. 2034ൽ സംസ്ഥാനത്തിന് തുറമുഖത്തിൽനിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ അതിന്റെ 20 ശതമാനം നൽകണമെന്നാണ് ആവശ്യം.
വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ വച്ച ഘട്ടത്തിൽതന്നെ കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്കു നൽകുന്ന കേന്ദ്ര സഹായമാണ് ഇത്. പദ്ധതിക്കു പണം മുടക്കുന്നതു കൂടാതെ, തുല്യ തുക സംസ്ഥാനവും പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രത്തിന്റെ വിജിഎഫ് നെറ്റ് പ്രസന്റ് വാല്യു കണക്കാക്കി, വരുമാന വിഹിതം ഈടാക്കുന്ന രീതിയിലാണു നൽകുകയെന്നു കേന്ദ്രം പിന്നീട് അറിയിച്ചു.
തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് ഗ്രാന്റായി നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വന്നതോടെയാണു വിഴിഞ്ഞത്തിനും വിജിഎഫ് ഗ്രാന്റായി നൽകണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതു നടക്കില്ലെന്നു കേന്ദ്രം പലവട്ടം വ്യക്തമാക്കിയതിനെ തുടർന്നാണു നിർമല സീതാരാമനു മുഖ്യമന്ത്രി കത്തയച്ചത്. ഇതിനുള്ള റുപടിയിൽ, തൂത്തുക്കുടി തുറമുഖത്തിന്റെ ചെലവു വഹിക്കുന്നതു കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോർട്ട് അതോറിറ്റിയാണെന്നും വരുമാനവും അവിടേക്കു തന്നെയാണു ലഭിക്കുന്നതെന്നും നിർമല സീതാരാമൻ വിശദീകരിക്കുന്നു. എന്നാൽ വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനു വരുമാനവിഹിതം ലഭിക്കുന്നില്ല. വിജിഎഫ് നൽകുന്ന കേരളത്തിനു ലഭിക്കുന്നുമുണ്ടെന്നു മന്ത്രി വാദിക്കുന്നു.