ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർഥി ആൽബിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് സംസ്കാരം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്കും പൊതുദർശനത്തിനും ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു. പത്ത് മണിയോടെ ആൽബിൻ പഠിച്ച എടത്വ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാകും മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത്.
ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർഥികൾ സഞ്ചരിച്ച കാർ കഴിഞ്ഞ രണ്ടിനാണ് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിന് സമീപം ബസുമായി കൂട്ടിയിടിച്ചത്. ഗുരുതരപരിക്കേറ്റ ആൽബിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഈ അപകടത്തിൽ മറ്റ് അഞ്ച് വിദ്യാർഥികൾ മരിച്ചു. അഞ്ച് വിദ്യാർഥികൾ ചികിത്സയിലാണ്.