World

ബശ്ശാറുൽ അസദിന് റഷ്യയിൽ രാഷ്ട്രീയ അഭയം; ദമസ്കസിൽ കർഫ്യൂ ഏർപ്പെടുത്തി വിമതസേന

ദമസ്കസ്: രാജ്യംവിട്ട സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന് റഷ്യയിൽ രാഷ്ട്രീയ അഭയം. അസദും കുടുംബവും മോസ്കോയിലെത്തിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസദിന്റെ പതനത്തെ സ്വാഗതം ചെയ്ത് അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ദമാസ്കസിൽ വിമതസേന കർഫ്യൂ ഏർപ്പെടുത്തി.

പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബശ്ശാറുൽ അസദ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് മോസ്കോയിൽ രാഷ്ട്രീയ അഭയം തേടിയത്. മാനുഷിക പരിഗണനയിലാണ് റഷ്യ അഭയം നൽകിയിരിക്കുന്നതെന്ന് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അൽ ജുലാനി ഈ വിജയം എല്ലാ സിറിയക്കാർക്കും വേണ്ടിയുള്ളതാണെന്ന് പറഞ്ഞു. പൊതുസ്ഥാപനങ്ങളെ സംരക്ഷിക്കാൻ വിമത വിഭാഗത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെയാണ് ദമസ്കസിൽ കർഫ്യൂ ഏർപ്പെടുത്തിയത്. സിറിയയിലുടനീളം വ്യോമാക്രമണം നടത്തിയ ഇസ്രായേൽ അധിനിവേശ സേന ഗോലാൻ കുന്നുകളിലെ ബഫർ സോൺ പിടിച്ചെടുത്തു. അസദിന്റെ പതനത്തെ മിഡിൽ ഈസ്റ്റിലെ ചരിത്രപരമായ ദിനമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. സിറിയയിലെ വിമത മുന്നേറ്റം ലോക രാജ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

സ്ഥിതിഗതികളെക്കുറിച്ച് തുർക്കി പ്രതിരോധമന്ത്രി യാസർ ഗുലറുമായി സംസാരിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. സിറിയയുടെ അയൽ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നിൽ അസദ് ഭരണകൂടത്തെ കുറ്റവിചാരണ ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യപ്രകാരം യുഎൻ രക്ഷാസമിതി അടിയന്തരമായി ചേർന്നേക്കും.