തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നത് അവസാനനിമിഷം മാറ്റിവച്ച വിവരാവകാശ കമ്മിഷന്റെ നടപടിയിൽ ദുരൂഹത. അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹരജിയെക്കുറിച്ച് അറിഞ്ഞത് ഏറെ വൈകി. പുതിയ ഹരജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാതിരുന്നതിലും ദുരൂഹതയുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച പുതിയ അപേക്ഷ പരിഗണിക്കുന്നത് മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ സ്വയമേറ്റെടുത്തു. ഉത്തരവ് പറയുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് പുതിയ ഹർജി വിവരാവകാശ കമ്മീഷണർ അറിയുന്നത്. അപേക്ഷകരെ കാണാൻ പോലും അധികൃതർ തയാറായില്ല. ഇതിനു പിന്നാലെയാണ് പുതിയ അപേക്ഷ മുഖ്യ വിവരാവകാശ കമ്മിഷണറാണ് പരിഗണിക്കുന്നതെന്ന അറിയിപ്പെത്തിയത്. കമ്മീഷന് അകത്ത് ആസൂത്രിത നീക്കം നടന്നെന്നാണ് സംശയം. കമ്മീഷനിലെ ഉന്നതനും സംശയ നിഴലിലാണ്.