ഡമാസ്കസ്: ബഷാർ അൽ അസദിന്റെ കുടുംബ വാഴ്ച അവസാനിപ്പിച്ച് സിറയ പിടിച്ചെടുത്തിരിക്കുന്നത് ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ചിട്ടുള്ള ഹയാത് തഹ്‌രീർ അൽ ഷാം ആണെന്നുള്ളത് ആശങ്കകൾ ശക്തമാക്കുന്നു. വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. സിറിയയിലെ ഇറാൻ എംബസി വിമതർ ആക്രമിച്ചു, ഫയലുകളും രേഖകളും നശിപ്പിച്ചു. ജനം തെരുവിലിറങ്ങി ബഷാർ അൽ അസദിന്റെ പ്രതിമകളും മറ്റും തകർത്തെറിഞ്ഞു. ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. ഭരണ കാര്യാലയങ്ങളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമെല്ലാം സൈന്യം പൂർണമായും പിന്മാറി.
ഭീകരവാദിയായി മുദ്രകുത്തപ്പെട്ടിട്ടുള്ള എച്ച്ടിഎസിന്റെ തലവൻ അബു മൊഹമ്മദ് അൽ-ജൊലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത ആശങ്കകൾക്കിടയാക്കുന്നുണ്ട്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) സ്ഥാപകൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വലംകൈയായിരുന്നു ജൊലാനി. 1989-ൽ സൗദി അറേബ്യയിലെ റിയാദിൽ ജനിച്ചു. അഹമ്മദ് ഹുസൈൻ അൽ ഷരാ എന്നാണ് വീട്ടുകാരിട്ടപേര്. ഇസ്രയേൽ അധിനിവേശ ഗോലാൻകുന്നിൽനിന്നുള്ള സിറിയക്കാരാണ് മാതാപിതാക്കൾ. ജൊലാനിയുടെ പിതാവ് സൗദിയിലെ എണ്ണക്കമ്പനിയിൽ എൻജിനീയറായിരുന്നു. 2001 സെപ്റ്റംബർ 11-ന് അൽ ഖായിദ ഭീകരരുടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അയാളെ ഭീകരതയിലേക്ക് ആകർഷിച്ചു.
നിലവിൽ തന്റെ ലക്ഷ്യത്തിലേക്കെത്താൻ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മാറിയെങ്കിലും മുൻകാലഘട്ടം ആശങ്കകൾക്ക് വഴിയൊരുക്കുന്നത് തന്നെ. അൽഖായ്‌ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്. അൽഖായ്‌ദയുടെ ഉപസംഘടന എന്ന പോലെ തന്നെയാണ് എച്ച്ടിഎസിന്റെ പ്രവർത്തന രീതികൾ. സിറിയയിൽ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരുമാണുള്ളത്. ക്രൈസ്തവരെ അടക്കം സംരക്ഷിക്കുമെന്ന് ജോലാനി പറയുമ്പോഴും അത് ഭംഗിവാക്കാകാനാണ് സാധ്യത.
എന്നാൽ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾക്കതിരെ ശബ്ദമുയർത്തിയിരുന്ന ബഷാർ അൽ അസദിന്റെ പതനത്തിന്റെ ആഹ്ലാദത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ. ഒരിക്കൽ തലക്ക് 10 കോടി വിലയിട്ടിരുന്ന ഭീകരൻ ജൊലാനി ഇന്നവർക്ക് പ്രിയങ്കരനായി മാറിയിരിക്കുന്നു. ഫ്രാൻസും ജർമനിയും ബ്രിട്ടനും ജൊലാനിയുടെ നീക്കത്തെ സ്വാഗതം ചെയ്തു പരസ്യമായി രംഗത്തു വന്നു. സിറിയയിൽ നടന്ന സാമ്രാജ്യത്വ അട്ടിമറി അമേരിക്കൻ പിന്തുണയോടെയാണ് എന്ന് വിലയിരുത്തലുകൾക്കിടെ, കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നു മാത്രമാണ് അമേരിക്കയുടെ പ്രതികരണം. എച്ച്ടിഎസ് സിറിയ പിടിച്ചടക്കയതിനെ ചരിത്രദിനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ജൊലാനിയെ അഭിനന്ദിച്ച് താലിബാനും രംഗത്ത് വന്നിട്ടുണ്ട്.