പാലോട്: പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ തികഞ്ഞ ആസൂത്രണങ്ങളെല്ലാം ഒടുവില്‍ പാളി. സുഹൃത്തുക്കള്‍ രണ്ടും പോലീസിന്റെ വലയിലായി. ഇളവട്ടത്ത് ആദിവാസി പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവം സിനിമാക്കഥയെയും വെല്ലുന്ന തിരക്കഥ. മൂന്നു സഹപാഠികള്‍, ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയവര്‍. അജാസും അഭിജിത്തും ഇന്ദുജയും. എന്നാല്‍, ഇന്ദുജയുടെ മരണത്തിനു കാരണക്കാരനായി പോലീസ് കണ്ടെത്തിയത് അജാസിനെ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബുധനാഴ്ച അജാസ് രാവിലെ വീട്ടില്‍ വരുമ്പോള്‍ ഇന്ദുജ മറ്റാരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന്റെ രണ്ടാംനിലയില്‍ അകത്തെ മുറിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ഇന്ദുജയുടെ ഫോണ്‍ അജാസ് പിടിച്ചുവാങ്ങി. ഇന്ദുജ നിരന്തരം മറ്റൊരു യുവാവിനെ വിളിക്കുന്നതായി അജാസ് സംശയിച്ചു. ഈ വിവരം അഭിജിത്തിനെ അറിയിച്ചു.
തുടര്‍ന്ന് അജാസ് ഇന്ദുജയെ കാറില്‍ കയറ്റിക്കൊണ്ടു പുറത്തേക്കുപോയി. നേരെപോയത് ശംഖുംമുഖത്തേക്ക്. ഇവിടെ എത്തിയ ഇരുവരും വാക്കേറ്റവും കൈയാങ്കളിയുമായി. തുടര്‍ന്ന് അജാസ് ഇന്ദുജയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പോള്‍ത്തന്നെ അജാസ് അഭിജിത്തിനെ വിളിച്ചുപറഞ്ഞു. രാത്രി വീട്ടില്‍ കൊണ്ടാക്കിയ ഇന്ദുജ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അജാസിനെ വീണ്ടും വിളിച്ചു. താന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചു.
ഉടന്‍തന്നെ അജാസ് ഈ വിവരം അഭിജിത്തിനെ അറിയിച്ചുവെന്നാണ് പോലീസ് പറയുന്നത്. അഭിജിത്ത് വീട്ടിലെത്തി മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവിടെ എല്ലാ മുന്‍കരുതലുകളോടെ അജാസും ഉണ്ടായിരുന്നു. പോലീസ് അന്വേഷണത്തിന് ഇരുവരെയും വിളിച്ചുവരുത്തുമ്പോള്‍ അജാസും അഭിജിത്തും വാട്സാപ്പ് ചാറ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.