സസ്പെൻഷനിലായ ഐഎഎസ് കേഡർ ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിൻ്റെ പ്രവർത്തികളിൽ മര്യാദയുടെ അഭാവമെന്ന് കുറ്റാരോപണ മെമോ. ഉദ്യോഗസ്ഥൻ അനുസരണക്കേട് കാട്ടുന്നുവെന്നും പ്രശാന്തിന്റെ വിമർശനങ്ങൾ സർക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്നും കുറ്റാരോപണ മെമ്മോ കുറ്റപ്പെടുത്തുന്നു. ഉന്നത ഉദ്യോഗസ്ഥനായ എ ജയതിലകിനെതിരെ പരസ്യവിമർശനത്തിൻ്റെ പേരിൽ സസ്പെൻഷനിലായ പ്രശാന്ത്, നടപടിക്ക് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി ചട്ട ലംഘനം തുടർന്ന സാഹചര്യത്തിലാണ് ഇന്നലെ കുറ്റാരോപണ മെമ്മോ നൽകിയത്.
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ പ്രശാന്ത് വിമർശിച്ചത് തെറ്റാണെന്ന് മെമ്മോയിലുണ്ട്. കെ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഈ നടപടി ഉണ്ടാക്കി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകനെ വിമർശിച്ചതും കുറ്റകരം. കൃഷിവകുപ്പിന്റെ ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചത് സദുദ്ദേശപരമല്ല. കള പറിക്കാൻ ഇറങ്ങിയതാണ് എന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ളതാണ്.
ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ പെരുമാറ്റവും ഗുരുതരമായ അച്ചടക്കരാഹിത്യവും ഉണ്ടായി. ഉയർന്ന ധാർമ്മിക മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും കുറ്റാരോപണ മെമ്മോയിൽ പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്.