പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജാണ് (24) അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഇയാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുമ്പായിരുന്നു ആക്രമണം അരങ്ങേറിയത്. പിന്നില്‍ സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
കോഴൂര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ പ്രിയദര്‍ശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമുമാണ് തീ വെച്ച് നശിപ്പിച്ചത്.
ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു എന്നാണ് സൂചന. വാതില്‍ ഉള്‍പ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി. സംഭവമറിഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തി. പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്.