India

3 ദിവസത്തിനിടെ പ്രസവിച്ച 5 അമ്മമാർ മരിച്ചു : ബെല്ലാരിയിലെ കൂട്ടമരണത്തിന് കാരണം

ബെല്ലാരിയിൽ പ്രസവത്തിന് പിന്നാലെ അഞ്ച് അമ്മമാർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ അമ്മമാരുടെ കൂട്ടമരണം. പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാർ മരിച്ചു. നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. ഇവരിൽ അഞ്ച് പേരാണ് മരിച്ചത്. മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്.

റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്സ് ലാക്റ്റേറ്റ് എന്നത്. രക്തസമ്മർദ്ദം കുറവുള്ള ആളുകൾക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിർത്താനാണിത്. അപകട സാധ്യതയുള്ള ഒന്നല്ല ഈ മരുന്ന്. എന്നാൽ ബെല്ലാരിയിൽ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് നിഗമനം.

മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗ‍ർഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവർക്കെല്ലാം സിസേറിയനായിരുന്നു നിർദേശിച്ചിരുന്നത്. ബംഗാൾ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് ഉൽപ്പാദിപ്പിച്ച് നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു.