ഭാഷ പഠിക്കുന്ന വിദ്യ മുതല്‍ മനുഷ്യനില്‍ കാന്‍സര്‍ കണ്ടെത്താനും സര്‍ജറി ചെയ്യാനും കഴിയുന്ന റോബോട്ടുകള്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോള്‍ ഇതാ ഒരു പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് എഐ. എലികളുടെ പെരുമാറ്റം പഠിക്കാന്‍ ഒരു ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എഐ പരിശീലിത റോബോട്ടിക് എലിയെ നിര്‍മ്മിച്ചെടുത്തിരിക്കുകയാണ്.
ഈ റോബോട്ടിക് എലികള്‍ക്ക് യഥാര്‍ത്ഥ എലികളുടേതിന് സമാനമായ രൂപവും ചലനവും ഒക്കെയാണ്. മാത്രമല്ല റോബോട്ടിക് എലികള്‍ക്ക് സാധാരണ എലികളുടെ ഗന്ധം പോലും ഉണ്ട്. ഒരു ബയോണിക് നല്ലെട്ട്, കണ്ണുകള്‍, രണ്ട് മുന്‍കൈകള്‍, എന്നിവയൊക്കെ റോബോട്ടിക്ക് എലികള്‍ക്കുണ്ട്. റോബോട്ടിന്റെ യഥാര്‍ഥ ഗന്ധം മറയ്ക്കുന്നതിനും എലികള്‍ക്ക് സമാനമായ ഗന്ധം സൃഷ്ടിക്കുന്നതിനുമായി അവയെ എലിമൂത്രം കൊണ്ട് പൊതിയുകയായിരുന്നു.ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം എലികളിലെ വികാരങ്ങള്‍, അവയുടെ സാമൂഹിക പെരുമാറ്റം ബോധശക്തി എന്നിവ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നതിനാണ്. മൂന്ന് മണിക്കൂറിലധികെ റോബോട്ടിക്ക് എലിയെ യഥാര്‍ഥ എലികളുടെ കൂടെ കിടത്തിയാണ് പരീക്ഷണങ്ങള്‍ നടത്തിയത്.
റോബോട്ടിക് എലി അക്രമണാത്മകമായി പ്രതികരിച്ചാല്‍ യഥാര്‍ഥ എലികള്‍ ഭയപ്പെടുകയും സൗഹാര്‍ദ്ദ പരമായി ഇടപെട്ടാല്‍ തിരിച്ചും അതുപോലുള്ള മൃദു സമീപനം കാണിക്കുകയും ചെയ്തു.വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഇതിന്റെ കഴിവ് മൃഗങ്ങളുടെ പെരുമാറ്റം പഠിക്കുന്നതിന് ഉപകരിക്കുമെന്നാണ് ഗവേഷര്‍ പറയുന്നത്.